![](https://www.nrimalayalee.com/wp-content/uploads/2022/02/ahmedabad-blasts-Death-Sentence-Malayalee-Convicts.jpg)
സ്വന്തം ലേഖകൻ: ഗുജറാത്തിൽ 2008ൽ സ്ഫോടനപരമ്പരകളിൽ 56 പേർ കൊല്ലപ്പെട്ട കേസിൽ 3 മലയാളികള്‍ ഉള്‍പ്പെടെ 38 പേർക്കു വധശിക്ഷ. 11 പേർക്കു മരണംവരെ ജീവപര്യന്തം ശിക്ഷയും വിധിച്ചു. ഇതിലും ഒരു മലയാളിയുണ്ട്. അഹമ്മദാബാദ് പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ഈരാറ്റുപേട്ട സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ ഷിബിലി എ. കരീം, ശാദുലി എ. കരീം, കൊണ്ടോട്ടി സ്വദേശി ഷറഫുദീൻ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ. ആലുവ സ്വദേശി മുഹമ്മദ് അൻസാറിനു ജീവപര്യന്തം ശിക്ഷ വിധിച്ചു.
രാജ്യത്ത് ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് വധശിക്ഷയ്ക്കു വിധിക്കുന്നത് ഇതാദ്യമായാണ്. നിരോധിത സംഘടനയായ ‘സിമി’യുടെ ഉപവിഭാഗമായ ഇന്ത്യൻ മുജാഹിദീന്റെ പ്രവർത്തകരായ 78 പേരായിരുന്നു പ്രതികൾ. 28 പേരെ സംശയത്തിന്റെ ആനുകൂല്യം നൽകി വിട്ടയയ്ക്കുന്നതായി പ്രത്യേക കോടതി ജഡ്ജി എ.ആർ.പട്ടേൽ ഈ മാസം എട്ടിന് അറിയിച്ചിരുന്നു. സ്‌ഫോടനത്തിനായി കേരളത്തില്‍നിന്ന് 4 ബൈക്കുകള്‍ കടത്തിയിരുന്നതായി കണ്ടെത്തിയിരുന്നു.
49 പേർക്കാണ് ഇന്നു ശിക്ഷ വിധിച്ചത്. യുഎപിഎ അനുസരിച്ച് ഭീകരപ്രവർത്തനത്തിന്റെ വകുപ്പുകളും കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് 49 പ്രതികൾക്കുമെതിരെ ചുമത്തിയത്. 2009 ഡിസംബറിൽ തുടങ്ങിയ വിചാരണ കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനിച്ചത്. 1163 സാക്ഷികളെ വിസ്തരിച്ചു.
2008 ജൂലൈ 26 നു വൈകിട്ട് 6.32നും 7.45നും ഇടയ്ക്കാണ് അഹമ്മദാബാദിൽ 21 ഇടങ്ങളിൽ സ്ഫോടനമുണ്ടായത്. 246 പേർക്കു പരുക്കേറ്റു. സൂറത്ത് അടക്കം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽനിന്ന് പിന്നീട് 29 സ്ഫോടകവസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. 2002 ലെ ഗുജറാത്ത് കലാപത്തിനു പ്രതികാരം ചെയ്യാനാണ് സ്ഫോടനങ്ങൾ നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
അഹമ്മദാബാദിലെ ജനത്തിരക്കേറിയ ഓൾഡ് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലായിരുന്നു സ്ഫോടനങ്ങൾ. പരുക്കേറ്റവരെ എത്തിച്ച എൽജി, വിഎസ്, സിവിൽ ആശുപത്രികളിലും സ്‌ഫോടനം നടന്നതോടെയാണ് മരണസംഖ്യ ഉയർന്നത്. അന്നു മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ മണ്ഡലമായ മണിനഗറിലായിരുന്നു ആദ്യ സ്ഫോടനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല