1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 9, 2024

സ്വന്തം ലേഖകൻ: ദുബായിലെ റോഡുകളിലെ ഒരു ഗതാഗത ലംഘനവും തങ്ങള്‍ സ്ഥാപിച്ച സ്മാര്‍ട്ട് ക്യാമറകളുടെ കണ്ണുകളില്‍ പെടാതെ പോകില്ലെന്ന് ദുബായ് പോലീസ്. ചെറുതും വലുതുമായ എല്ലാ ട്രാഫിക് നിയമ ലംഘനങ്ങളും ഈ കാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും. കഴിഞ്ഞ ദിവസം സ്മാര്‍ട്ട് കാമറ സിസ്റ്റം പിടികൂടിയ കുറ്റകൃത്യങ്ങളില്‍ അശ്രദ്ധമായി വാഹനമോടിക്കുന്ന ഗുരുതരമായ കേസുകളും ഉള്‍പ്പെടുന്നുതായി ട്രാഫിക് അതോറിറ്റി അറിയിച്ചു.

വാഹനമോടിക്കുന്ന ഒരു വനിതാ ഡ്രൈവര്‍ ഒന്നല്ല, രണ്ട് ഫോണുകള്‍ ഉപയോഗിച്ചു കൊണ്ടാണ് കാര്‍ ഡ്രൈവ് ചെയ്യുന്നത്. അവരുടെ രണ്ടു കൈകളും ഓരോ ഫോണുകള്‍ ചെവിക്കു നേരെ പിടിച്ചിരിക്കുകയാണ്. ദുബായ് പോലീസിന്‍റെ എക്സ് പ്ലാറ്റ്‌ഫോമില്‍ പോലീസ് പങ്കുവെച്ച ഒരു സ്മാര്‍ട്ട് കാമറ ദൃശ്യത്തില്‍, വീലിന് പിറകിലിരിക്കുന്ന യുവതി വാഹനം ഓടിക്കവെ രണ്ടു പേരോട് ഫോണില്‍ സംസാരിക്കുന്നതായാണ് തോന്നുന്നത്. അതായത് സ്റ്റിയറിങ് വീലില്‍ കൈകളൊന്നും വയ്ക്കാതെയാണ് യുവതി ഡ്രൈവ് ചെയ്യുന്നത്.

പോലീസ് പങ്കുവച്ച മറ്റൊരു ഫോട്ടോയില്‍ ഡ്രൈവര്‍ റോഡിലൂടെ വാഹമനോടിക്കുന്ന വേളയില്‍ പത്രം പോലെയുള്ള എന്തോ എന്ന തോന്നിക്കുന്ന സാധനം വായിക്കുന്നത് കാണാം. പത്രം അവരുടെ ശ്രദ്ധ ഹൈവേയില്‍ നിന്ന് അകറ്റുക മാത്രമല്ല, മുന്നിലുള്ള വാഹനത്തിന്‍റെ കാഴ്ചയെ പൂര്‍ണ്ണമായും മറയ്ക്കുകയും ചെയ്യുന്നു. കാരണം മുഖത്തിനു നേരെ പത്രം പിടിച്ചുകൊണ്ടാണ് അവര്‍ വാഹനം ഓടിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കാന്‍ പോകുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

ട്രാഫിക് നിയമ ലംഘനങ്ങളും വാഹനം ഓടിക്കവെയുള്ള നിരുത്തരവാദപരമായ പെരുമാറ്റങ്ങളും കണ്ടുപിടിക്കാന്‍ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ചിരിക്കുന്നതാണ് ദുബായിലെ സ്മാര്‍ട്ട് കാമറകള്‍ ഉള്‍പ്പെടെയുള്ള ട്രാഫിക് സംവിധാനങ്ങളെന്ന് പോലീസ് അറിയിച്ചു. കാറിന്‍റെ വിന്‍ഡ്ഷീല്‍ഡുകള്‍ക്ക് അനുവദനീയമായതില്‍ കൂടുതല്‍ കട്ടിയുള്ള സ്റ്റിക്കറുകള്‍ ഒട്ടിച്ചാലും അത് സ്മാര്‍ട്ട് കാമറ കണ്ടുപിടിക്കും. അത്രയ്ക്ക് വിപുലമായ സംവിധാനമാണ് ദുബായ് ട്രാഫിക് പോലീസ് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, തൊട്ടുമുമ്പിലെ വാഹനവുമായി നിശ്ചിത അകലം പാലിക്കാതിരിക്കല്‍ ഉള്‍പ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് 30 ദിവസം വരെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് അല്‍ മസ്റൂയി വാഹനമോടിക്കുന്നവരെ ഓര്‍മ്മിപ്പിച്ചു. 400 ദിര്‍ഹത്തിനും 1,000 ദിര്‍ഹത്തിനും ഇടയിലുള്ള പിഴയും ഈ കുറ്റകൃത്യങ്ങള്‍ക്ക് നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കുന്നതിന് പുറമെയാണ് 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടല്‍.

സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, ഡ്രൈവിംഗിനിടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, റോഡില്‍ നിന്ന് ശ്രദ്ധ തിരിക്കുന്ന മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനാണ് വിപുലമായ സംവിധാനങ്ങളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ സാങ്കേതികവിദ്യകളുടെ ഉപയോഗം ട്രാഫിക് സുരക്ഷയില്‍ ആഗോള നേതാവാകുക എന്ന ദുബായിയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും റോഡ് അപകട മരണങ്ങള്‍ കുറയ്ക്കുക എന്ന തന്ത്രപരമായ ലക്ഷ്യവുമായി പൊരുത്തപ്പെടുകയും ചെയ്യുന്നുവെന്നും അല്‍ മസ്‌റൂയി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.