
സ്വന്തം ലേഖകൻ: എമിറേറ്റിലെ ടാക്സി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) 500 എയർപോർട്ട് ടാക്സികളിൽ പരീക്ഷണാടിസ്ഥാനത്തിൽ എയർ ഫ്രഷ്നറുകൾ ഉപയോഗിക്കാൻ തുടങ്ങി.
കൂടാതെ കാറിനകത്ത് പുകവലി കണ്ടെത്തുന്നതിന് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന അത്യാധുനിക കാമറകളും ഘടിപ്പിച്ചിട്ടുണ്ട്. വാഹനങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച പുതിയ സംരംഭത്തിന്റെ ഭാഗമായാണ് നടപടി. ടാക്സികളിലെ ശുചിത്വം ഉറപ്പുവരുത്താനും പ്രോത്സാഹിപ്പിക്കുന്നതിനുമായി എമിറേറ്റിലുടനീളം ബോധവത്കരണ കാമ്പയിനുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
ടാക്സി യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര അനുഭവങ്ങൾ മെച്ചപ്പെടുത്തുകയാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എയുടെ പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ ആദിൽ ശിക്കിർ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഡ്രൈവർമാർക്കും ഡ്രൈവിങ് സ്കൂളുകളിലെയും വിവിധ കമ്പനികളിലെയും ഇൻസ്ട്രക്ടർമാർക്കും പരിശീലനവും സംഘടിപ്പിക്കും. ടാക്സികളിലെ ശുചിത്വ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പുതിയ സംരംഭങ്ങളുടെ ഫലങ്ങൾ വിലയിരുത്തുന്നതിന് ആർ.ടി.എ ഒരു അളവ് സൂചികയും നടപ്പാക്കിയിട്ടുണ്ട്.
വാഹനത്തിന്റെയും ഡ്രൈവർമാരുടെയും ശുചിത്വം എത്രത്തോളമെന്ന് കണ്ടെത്തുന്നതിനായി പ്രതിമാസം വിലയിരുത്തലുകൾ നടത്തും. കൂടാതെ ഓരോ ലക്ഷം കിലോമീറ്റർ ഹാല ടാക്സി ട്രിപ്പുകളിലും ശുചിത്വവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങൾ ട്രാക്ക് ചെയ്യാനും പുതിയ അളവ് സൂചിക ഉപയോഗപ്പെടുത്തും.
അതോടൊപ്പം വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ശുചിത്വത്തിൽ കേന്ദ്രീകരിച്ച് ഉപഭോക്താക്കളുടെ സംതൃപ്തി സർവേകളും ഷോപ്പർ അസസ്മെന്റുകളും 2025ന്റെ പുകുതിയോടെ ആരംഭിക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല