സ്വന്തം ലേഖകൻ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പി സി സി കേന്ദ്രങ്ങളിലും എ ഐ സി സി ആസ്ഥാനത്തുമാണ് വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ശശി തരൂർ പ്രചരണ രംഗത്ത് ശക്തമായെങ്കില്‍ ഔദ്യോഗിക വിഭാഗത്തിന്റെ അനൌദ്യോഗിക പിന്തുണയുള്ള മല്ലികാർജ്ജുന്‍ ഖാർഗെയുടെ വിജയം ഏറെക്കുറെ ഉറപ്പാണ്.
19 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. രാഹുൽ ഗാന്ധി ഉൾപ്പെടെ 40 പ്രതിനിധികൾ നിലവിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായതിനാല്‍ ബല്ലാരിയിൽ പ്രത്യേകം കേന്ദ്രീകരിച്ച ബൂത്തിലായിരിക്കും ഇവർ വോട്ട് ചെയ്യുക.
എ ഐ സി സി കമ്മ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ്, ബെംഗളൂരു റൂറൽ എംപി ഡി കെ സുരേഷ്, ബെല്ലാരി എംഎൽഎ ബി നാഗേന്ദ്ര, ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി വി ശ്രീനിവാസ്, മുന്‍ എംപി വിഎസ് ഉരഗപ്പ എന്നിവർക്കും ബെല്ലാരിയിലാണ് വോട്ട്. കർണ്ണാടകയില്‍ നിന്നുള്ള 498 പ്രതിനിധികൾ ബെംഗളൂരുവിലെ കെ പി സി സി ഓഫീസിൽ വോട്ടവകാശം വിനിയോഗിക്കും. കേരളത്തിലും കെ പി സി സി ആസ്ഥാനമായ പ്രിയദർശിനി ഭവനിലാണ് പോളിങ് ബൂത്ത്.
9,000-ലധികം വരുന്ന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി സി സി) പ്രതിനിധികൾ രഹസ്യ ബാലറ്റിലൂടെയാണ് പാർട്ടി മേധാവിയെ തിരഞ്ഞെടുക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും പ്രതിനിധികൾ തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്ക് ‘ടിക്ക്’ അടയാളപ്പെടുത്തി അതത് പോളിംഗ് സ്റ്റേഷനുകളിൽ രാവിലെ 10 നും വൈകുന്നേരം 4 നും ഇടയിൽ വോട്ട് ചെയ്യണമെന്നാണ് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും എ ഐ സി സി ആസ്ഥാനത്ത് വോട്ട് ചെയ്യും. എഐസിസി ജനറൽ സെക്രട്ടറിമാർ/സംസ്ഥാന ഇൻ-ചാർജുകൾ, സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ എന്നിവർക്ക് അവരുടെ ചുമതലയുള്ള സംസ്ഥാനത്ത് വോട്ട് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കില്ല. ഡൽഹിയിലേക്ക് കൊണ്ടുപോകുകയും എ ഐ സി സി ആസ്ഥാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കുകയും ചെയ്യും.
ഒരു പ്രത്യേക സംസ്ഥാനത്ത് നിന്ന് സ്ഥാനാർത്ഥിക്ക് എത്ര വോട്ട് ലഭിച്ചുവെന്ന് ആർക്കും അറിയാതിരിക്കാൻ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് ബാലറ്റ് പേപ്പറുകൾ മിക്സ് ചെയ്യുമെന്നും മിസ്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ ആറാം തവണയാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നതെന്നതാണ് ശ്രദ്ധേയം.
2000-ൽ സോണിയാ ഗാന്ധിയോട് ജിതേന്ദ്ര പ്രസാദ ദയനീയ പരാജയം ഏറ്റുവാങ്ങിയതാണ് പാർട്ടിയുടെ ഉന്നത സ്ഥാനത്തേക്ക് നടന്ന അവസാന തിരഞ്ഞെടുപ്പ്. 7,400-ലധികം വോട്ടുകൾ നേടിയ സോണിയാ ഗാന്ധി വീണ്ടും എ ഐ സി സി അധ്യക്ഷയായപ്പോള്‍ ജിതേന്ദ്ര പ്രസാദയ്ക്ക് 94 വോട്ട് മാത്രമായിരുന്നു ലഭിച്ചത്.
രാഹുൽ ഗാന്ധി അധികാരമേറ്റ 2017 നും 2019 നും ഇടയിലുള്ള രണ്ട് വർഷം ഒഴികെ, 1998 മുതൽ ഏറ്റവും കൂടുതൽ കാലം പാർട്ടി അധ്യക്ഷയായ സോണിയാ ഗാന്ധിക്ക് പകരക്കാരനെ തേടാനാണ് തിരഞ്ഞെടുപ്പ്. ഇതോടെ പതിറ്റാണ്ടുകള്‍ക്ക് ശേഷം എ ഐ സി സി അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാള്‍ എത്തുമെന്ന കാര്യവും ഉറപ്പായി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ, ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഏതെങ്കിലും ഒരാൾ 40 വർഷത്തിലേറെയായി പാർട്ടിയുടെ തലപ്പത്തുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം ഇതുവരെ 16 പേർ പാർട്ടിയെ നയിച്ചു, അതിൽ അഞ്ചുപേരും ഗാന്ധി കുടുംബത്തിൽ നിന്നുള്ളവരായിരുന്നു.
മാറ്റത്തിന്റെ സ്ഥാനാർത്ഥിയായെന്ന വിശേഷവുമായാണ് തരൂറിന്റെ രംഗപ്രവേശമെങ്കിലും ഗാന്ധികുടുംബവുമായുള്ള അടുപ്പവും മുതിർന്ന നേതാക്കളുടെ പിന്തുണയും കാരണം ഖാർഗെയുടെ വിജയം ഉറപ്പാണ്. അതേസമയം ആർക്കും പരസ്യമായി പിന്തുണ നല്‍കാന്‍ ഗാന്ധി കുടുംബം തയ്യാറായിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഉള്‍പ്പടെ ഖാർഗെയ്ക്ക് പരസ്യ പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല