1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2025

സ്വന്തം ലേഖകൻ: ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതിനെ ചോദ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരില്‍ 160 കോടി രൂപയാണ് അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരുന്നത്. ഈ സഹായം ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ വിഭാഗമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജ് ( DOGE) ആണ് ഇന്ത്യയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. സാമ്പത്തിക വളര്‍ച്ചയുള്ള, ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.

”എന്തിനാണ് നമ്മള്‍ ഇന്ത്യയ്ക്ക് പണം കൊടുക്കുന്നത്. അവരുടെ കൈവശം ധാരാളം പണമുണ്ട്. നമ്മളെ സംബന്ധിച്ച് ലോകത്തിലേറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉയര്‍ന്ന നികുതി മൂലം അമേരിക്കയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും തനിക്ക് ബഹുമാനമുണ്ട്, പക്ഷെ വോട്ടര്‍മാരുടെ പങ്കാളിത്തമുറപ്പാക്കാന്‍ 21 മില്യണ്‍ ഡോളര്‍ ( 160 കോടി രൂപ) എന്തിന് കൊടുക്കണം”- ട്രംപ് ചോദിച്ചു. ഇന്ത്യയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുന്ന സമയത്താണ് ട്രംപിന്റെ പ്രതികരണം.

ഫെബ്രുവരി 16നാണ് ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ് ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതല്ല എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം ഡോജ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.

അതേസമയം അമേരിക്കന്‍ സാമ്പത്തിക സഹായത്തിന്റെ പേരില്‍ ഇന്ത്യയില്‍ രാഷ്ട്രീയ വിവാദം ഉയര്‍ന്നിരുന്നു. അമേരിക്കന്‍ സാമ്പത്തിക സഹായം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടന്ന വിദേശ ഇടപെടലിന്റെ തെളിവാണിതെന്നാണ് ബിജെപി ആരോപിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ചില ശക്തികള്‍ക്ക് ഇന്ത്യയെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ അവസരങ്ങളും നല്‍കിയെന്നാണ് ബിജെപി ആരോപിച്ചത്. ഇതിനെല്ലാം പിന്നില്‍ ജോര്‍ജ് സോറോസ് ആണെന്നും ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചിരുന്നു.

അതേസമയം അമേരിക്കന്‍ സാമ്പത്തിക സഹായം സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിലോ തിരഞ്ഞെടുപ്പ് പ്രക്രിയയിലോ ഏതെങ്കിലും തരത്തിലുള്ള വിദേശ ഇടപെടല്‍ അനാവശ്യമാണ്. അക്കാര്യം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വ്യക്തമാണ്, ഞങ്ങള്‍ അതിനെ എതിര്‍ക്കുന്നു. ഇത് അപലപനീയമാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.