സ്വന്തം ലേഖകന്‍: അണ്ണാ ഡിഎംകെയില്‍ വീണ്ടും പൊട്ടിത്തെറി, ശശികലയും ദിനകരനും പാര്‍ട്ടിക്കു പുറത്തേക്കും പനീര്‍ശെല്‍വവും കൂട്ടാളികളും അകത്തേക്കും. അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി വി.കെ. ശശികലയേയും അനന്തരവനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ധനമന്ത്രി ഡി. ജയകുമാറിന്റെ നേതൃത്വത്തില്‍ ഇരുപത് മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണു ശശികല കുടുംബത്തെ അകറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്.
പുതിയ ജനറല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നതുവരെ അഡ്‌ഹോക്ക് കമ്മിറ്റിയായിരിക്കും പാര്‍ട്ടി ഭരണം നടത്തുകയെന്ന് ഡി. വിജയകുമാര്‍ വ്യക്തമാക്കി. അണ്ണാ ഡി.എം.കെയെ ദിനകരന്റെ കൈകളില്‍നിന്നു രക്ഷിക്കുകയാണു തങ്ങളുടെ പ്രഥമ ദൗത്യം. മന്ത്രിമാരുടെയും എം.പിമാരുടെയും എം.എല്‍.എമാരുടെയും ജനങ്ങളുടെയും അഭിപ്രായം മാനിച്ചാണു തീരുമാനമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
സര്‍ക്കാരിനെ മുന്നോട്ടു നയിക്കാന്‍ പാര്‍ട്ടി ഒറ്റക്കെട്ടായിരിക്കണമെന്ന മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ വാക്കുകള്‍ സഹമന്ത്രിമാര്‍ ചെവിക്കൊണ്ടില്ല. പനീര്‍ശെല്‍വം വിഭാഗവുമായി യോജിപ്പിലെത്താനും യോഗത്തില്‍ ധാരണയായി. ഒപിഎസിന് മന്ത്രിസഭയില്‍ മുഖ്യപദവി നല്‍കുമെന്ന് ധനമന്ത്രി ജയകുമാര്‍ അറിയിച്ചു.
രണ്ടില ചിഹ്നം തിരികെ ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന കേസില്‍ ശസികലയുടെ അനന്തരവനും എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനെതിരെ ദില്ലി പൊലീസ് കേസെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ക്ക് നല്‍കാന്‍ സൂക്ഷിച്ച ഒരു കോടി മൂപ്പത് ലക്ഷം രൂപയും ബി.എം.ഡബ്യു, മെഴ്‌സിഡസ് കാറുകളും ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഇതിന് പിന്നാലെ ശശികലയെയും കുടുംബാംഗങ്ങളേയും ഒഴിവാക്കി അണ്ണാഡിഎംകെയില്‍ ഐക്യമുണ്ടാക്കാന്‍ പനീര്‍ശൈല്‍വം പക്ഷവും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക പക്ഷവും തമ്മില്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ശശികലയേയും കൈക്കൂലി കേസില്‍ കുടുങ്ങിയ ദിനകരനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നു. ഇതിന് പിന്നാലെയാണ് നടപടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല