1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2024

സ്വന്തം ലേഖകൻ: കോഴിക്കോട്ടുനിന്ന് വെറും ആറായിരം രൂപയ്ക്ക് മലേഷ്യക്കു പറന്നാലോ? മേയ് മാസം മുതൽ കുറഞ്ഞ ചെലവിൽ മലേഷ്യക്കു പറക്കാൻ അവസരമൊരുങ്ങും. മലേഷ്യൻ ബജറ്റ് എയർലൈനായ എയർ ഏഷ്യയാണ് ആഴ്ചയിൽ മൂന്നുവീതം സർവീസ് നടത്തുക. ഏപ്രിൽ പാതിയോടെ ബുക്കിങ് തുടങ്ങും.

സർവീസിനാവശ്യമായ ടൈം സ്ലോട്ടുകൾ കഴിഞ്ഞദിവസം കമ്പനിക്കു കിട്ടി. 6000 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്ന് കമ്പനിവൃത്തങ്ങൾ പറഞ്ഞു. കോഴിക്കോട് -ക്വലാലംപുർ റൂട്ടിലാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. 180 പേർക്ക് യാത്രചെയ്യാവുന്ന എ320 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. ഇന്ത്യക്കാർക്ക് മലേഷ്യയിൽ പോകാൻ വീസ ആവശ്യമില്ലാത്തതിനാൽ, വളരെ കുറഞ്ഞചെലവിൽ കോഴിക്കോട്ടുനിന്ന് യാത്ര സാധ്യമാവും. കോഴിക്കോട് -തായ്‌ലൻഡ് സർവീസും എയർ ഏഷ്യയുടെ പരിഗണനയിലുണ്ട്.

സർവീസ് ആരംഭിക്കുന്നതോടെ മലബാർ മേഖലയിലുള്ളവർക്കും കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും എളുപ്പത്തിൽ മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, വിയറ്റ്നാം, ചൈന, ജപ്പാൻ, ബാലി, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനാകും.

ബിസിനസ്, ടൂറിസം, പഠനം തുടങ്ങിയ ആവശ്യങ്ങളുമായി ഒട്ടേറേപ്പേർ മലബാർ മേഖലയിൽനിന്ന് ഈ രാജ്യങ്ങളിലേക്ക് പറക്കുന്നുണ്ട്. നിലവിൽ കൊച്ചി, ചെന്നൈ, തിരുവനന്തപുരം, ബെംഗളൂരു, കോയമ്പത്തൂർ വിമാനത്താവളങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.