സ്വന്തം ലേഖകൻ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള വ്യോമസേനാ ദൗത്യം കടന്നു പോയത് കടുത്ത പ്രതിസന്ധിയിലൂടെ. സുഡാന്‍ തുറമുഖത്തെത്താന്‍ മാര്‍ഗമില്ലാതിരുന്ന യാത്രക്കാരെയാണ് വാദി സയ്യിദ്‌നയിലെ എയര്‍സ്ട്രിപ്പില്‍ നിന്നും വ്യോമസേന സാഹസികമായി രക്ഷിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് ഇവരെ വ്യോമസേനാ രക്ഷപ്പെടുത്തിയത്. ഇരുട്ടില്‍ ഒട്ടും തയ്യാറല്ലാതിരുന്ന റണ്‍വേയിലേക്ക് പറന്നിറങ്ങിയാണ് വ്യോമസേനാ തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചത്. നാവിഗേഷന്‍ സഹായങ്ങളും, ഇന്ധനവും വെളിച്ചവുമില്ലാതെ തകര്‍ന്ന അവസ്ഥയിലുള്ള റണ്‍വേയിലേക്കാണ് വ്യോമസേനയുടെ C-130J വിമാനം ലാന്‍ഡ് ചെയ്തത്.
രാത്രിയിലെ ലാന്‍ഡിങ് കൃത്യമാണെന്ന് ഉറപ്പ് വരുത്താന്‍ വ്യോമസേനാ പൈലറ്റുമാര്‍ അവരുടെ നൈറ്റ് വിഷന്‍ ഗോഗിള്‍സ് ഉപയാഗിച്ചതായാണ് വിവരം. ഖാര്‍ത്തൂമില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള റണ്‍വേയില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്താന്‍ ഇലക്ട്രോ-ഒപ്റ്റിക്കല്‍, ഇന്‍ഫ്രാ റെഡ് സെന്‍സറുകള്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഘര്‍ഷാവസ്ഥ രൂക്ഷമായി നിലനില്‍ക്കുന്ന സുഡാനില്‍ നിന്നും രണ്ട് വിമാനങ്ങളിലായി 754 പേരെ രാജ്യത്തെത്തിച്ചു. ഓപ്പറേഷന്‍ കാവേരി ദൗത്യത്തിന്റെ ഭാഗമായി 362 പേരെ ബെംഗളൂരുവിലും 392 പേരെ ഡല്‍ഹിയിലുമാണെത്തിച്ചത്. ഇതോടെ സുഡാനില്‍ നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1360 ആയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല