കേന്ദ്രമന്ത്രിക്കും സംസ്ഥാന മന്ത്രിക്കും യാത്ര ചെയ്യുന്നതിനായി വ്യോമസേന ഉദ്യോഗസ്ഥനെയും കുടുംബത്തെയും എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇത് വാര്‍ത്തയാകുകയും വിവാദമാകുകയും ചെയ്തതിന് പിന്നാലെ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ വ്യോമയാന മന്ത്രാലയത്തോടും എയര്‍ ഇന്ത്യയോടും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വ്യോമയാന മന്ത്രാലയം യാത്രക്കാരോട് മാപ്പ് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റജ്ജു, ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് എന്നിവര്‍ക്കു വേണ്ടിയാണ് കുട്ടിയടക്കമുള്ള മൂന്നംഗ കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടത്.
മന്ത്രിമാര്‍ക്കായി വിമാനം ഒരു മണിക്കൂറോളം യാത്ര വൈകിപ്പിച്ചതിന് ശേഷമാണ് വ്യോമസേന ഉദ്യോഗസ്ഥനോടും കുടുംബത്തോടും എയര്‍ ഇന്ത്യ അധികൃതര്‍ ഈ ക്രൂരത കാട്ടിയത്. സംഭവത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ മാസം 24ന് ജമ്മു കശ്മീരിലെ ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. രാവിലെയുള്ള സിന്ധു ദര്‍ശന്‍ ഉല്‍സവത്തില്‍ പങ്കെടുത്തശേഷം കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തിയപ്പോഴാണ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും വിമാനത്തില്‍ നിന്ന് ഇറക്കിയത്.
എന്നാല്‍ വിമാനം വൈകിയിട്ടില്ലെന്നും സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കിരണ്‍ റിജ്ജു പറഞ്ഞു. തനിക്കും തന്റെ സഹായിക്കും സീറ്റ് നല്‍കുന്നതിനു വേണ്ടി യാത്രക്കാരെ ഇറക്കിവിടേണ്ടി വന്ന സാഹചര്യത്തേക്കുറിച്ച് തനിക്കൊരു അറിവുമില്ലായിരുന്നുവെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിമാനത്തില്‍നിന്ന് ഇറങ്ങേണ്ടിവന്ന യാത്രക്കാരോട് ക്ഷമചോദിക്കാന്‍ തയ്യറാണെന്നും മന്ത്രി പറഞ്ഞു
നേരത്തെ ലേയില്‍ നിന്നു ഡല്‍ഹിയിലേക്ക് ഹെലിക്കോപ്റ്റര്‍ മാര്‍ഗം പോകാനായിരുന്നു മന്ത്രിയുടെ പരിപാടി. എന്നാല്‍ മോശം കാലാവസ്ഥ മൂലമാണ് കോപ്റ്റര്‍ യാത്ര മാറ്റി എയര്‍ഇന്ത്യ വിമാനത്തില്‍ മടങ്ങാന്‍ നിശ്ചയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല