1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2024

സ്വന്തം ലേഖകൻ: ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും ആദ്യ എയര്‍ബസ് എ350 വിമാനം വ്യാഴാഴ്ച പുറത്തിറക്കി. ഹൈദരാബാദില്‍ നടന്ന വിങ്‌സ് ഇന്ത്യ 2024-ല്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷം മെയ് മാസത്തോടുകൂടി ആറ് എ350 വിമാനങ്ങള്‍കൂടി എയര്‍ ഇന്ത്യയ്ക്ക് ലഭിക്കും.

ജനുവരി 22ഓടെ ആദ്യവിമാനത്തിന്റെ ആഭ്യന്തര സര്‍വീസ് ആരംഭിക്കും. ക്രമേണ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് ഇത് മാറുകയും ചെയ്യും. എയര്‍ഇന്ത്യയുടെ ഗെയിം ചേഞ്ചറാണ് എ350 വിമാനങ്ങളെന്ന് കമ്പനി സിഇഒയും എംഡിയുമായ കാംപെല്‍ വില്‍സണ്‍ പറഞ്ഞു.

‘ഇത് ഞങ്ങളുടെ യാത്രക്കാരുടെ അനുഭവം ഉയര്‍ത്തുക മാത്രമല്ല, പുതിയ റൂട്ടുകളും വിപുലീകരണത്തിനുള്ള അവസരങ്ങളും തുറക്കുകയും കൂടിയാണ്‌ ചെയ്യുന്നത്. വിമാനങ്ങളുടെയും ഉത്പന്നങ്ങളുടെയും ഈ നവീകരണം എയര്‍ ഇന്ത്യയെ ലോക വ്യോമയാന മേഖലയില്‍ ഉയര്‍ന്ന തലത്തിലേക്ക് തിരികെ കൊണ്ടുവരും’ എയര്‍ഇന്ത്യ സി.ഇ.ഒ പറഞ്ഞു.

ശക്തവും ഇന്ധനക്ഷമതയുള്ളതുമായ റോള്‍സ് റോയ്സ് ട്രെന്റ് എക്സ്ഡബ്ല്യുബി എഞ്ചിനുകളാണ് എ350-ല്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതിന് 9,700 നോട്ടിക്കല്‍ മൈല്‍ (18,000 കി.മീ) വരെ നിര്‍ത്താതെ പറക്കാന്‍ സാധിക്കും, ഇന്ത്യയില്‍ നിന്ന് വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും നോണ്‍സ്റ്റോപ്പ് യാത്രയ്ക്കായി ഇനി എ350 ഉണ്ടാകും.

മൂന്ന് ക്ലാസുകളിലായി 316 സീറ്റുകളുമായാണ് എയര്‍ ഇന്ത്യയുടെ എ350-900 വരുന്നത്. ബിസിനസ് ക്ലാസിന് 1-2-1 കോണ്‍ഫിഗറേഷനില്‍ 28 സ്വകാര്യ സ്യൂട്ടുകള്‍ ഉണ്ട്, ഓരോന്നിനും നേരിട്ടുള്ള ഇടനാഴി ആക്സസും സ്ലൈഡിംഗ് പ്രൈവസി ഡോറുകളും ഉണ്ട്.

‘ഒരു ബട്ടണില്‍ സ്പര്‍ശിക്കുമ്പോള്‍, സ്യൂട്ട് കസേരകള്‍ വലിയ കിടക്കകളായി മാറും. ഓരോ സ്യൂട്ടിനും ഒരു ഷെല്‍ഫ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഷൂകള്‍,മറ്റു സൗകര്യങ്ങള്‍ എന്നിവയ്ക്കായി വിശാലമായ സ്റ്റോവേജ് സ്പെയ്സും സൗകര്യപ്രദമായ ഒരു കണ്ണാടിയും ഉണ്ട്. 21 ഇഞ്ച് എച്ച്ഡി ടച്ച്സ്‌ക്രീനും വീഡിയോ ഹാന്‍ഡ്സെറ്റും യാത്രക്കാര്‍ക്ക് ആഴത്തിലുള്ള വിനോദ അനുഭവം നല്‍കുന്നു, ഇതോടൊപ്പം യൂണിവേഴ്സല്‍ എ/സി, യുഎസ്ബി-എ പവര്‍ ഔട്ട്ലെറ്റുകള്‍ എന്നിവയും ഉണ്ടാകും’ എയര്‍ഇന്ത്യയുടെ പ്രസ്താവനയില്‍ പറയുന്നു.

2-4-2 കോണ്‍ഫിഗറേഷനില്‍ 24 പ്രീമിയം ഇക്കോണമി സീറ്റുകള്‍ ഉണ്ട്. 38 ഇഞ്ച് സീറ്റ് പിച്ച് ഉള്ള കാല്‍നീട്ടാനുള്ള ഇടം ഇതില്‍ വാഗ്ദാനം ചെയ്യുന്നു. ഓരോ സീറ്റിലും 4-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്റെസ്റ്റും ലെഗ് റെസ്റ്റും ഉണ്ട്, കൂടാതെ 13.3 ഇഞ്ച് എച്ച്ഡി ടച്ച്സ്‌ക്രീന്‍, യൂണിവേഴ്സല്‍ എസി, യുഎസ്ബി-എ പവര്‍ ഔട്ട്ലെറ്റുകള്‍ എന്നിവയുമുണ്ടെന്ന് എയര്‍ഇന്ത്യ അറിയിച്ചു. 3-4-3 കോണ്‍ഫിഗറേഷനില്‍ 264 ഇക്കോണി സീറ്റുകളാണ് വരുന്നത്. സീറ്റുകള്‍ക്കിടയില്‍ 31 ഇഞ്ച് ഇടമുണ്ട്.

12 ഇഞ്ച് എച്ച്.ഡി.ടച്ച് സ്‌ക്രീനാണ് ഇക്കോണമി ക്ലാസുകളിലുള്ളത്. ജനുവരി 22-ന് ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്ന എയര്‍ഇന്ത്യയുടെ എ350 വിമാനം ബെംഗളൂരു-ചെന്നൈ-ഡല്‍ഹി-ഹൈദരാബാദ്-മുംബൈ റൂട്ടുകളിലാകും സര്‍വീസ് നടത്തുക. തുടര്‍ന്ന് ഇത് അന്താരാഷ്ട്ര സര്‍വീസുകളിലേക്ക് കടക്കും. 20 എ350-1000 വിമാനങ്ങളടക്കം പുതിയ 250 വിമാനങ്ങള്‍ക്കാണ് എയര്‍ഇന്ത്യ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.