സ്വന്തം ലേഖകൻ: ഇന്ത്യന്‍ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസിനെതിരെ ആക്രമണം. ലണ്ടനില്‍വെച്ച് എയര്‍ ഹോസ്റ്റസ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണമുണ്ടായത്. ഹീത്രോയിലെ റാഡിസണ്‍ റെഡ് ഹോട്ടലിലെ മുറിയിലായിരുന്നു സംഭവം.
എയര്‍ ഇന്ത്യയുടെ വേറെയും ജീവനക്കാര്‍ ഇതേ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. നിലവിളി കേട്ട് സമീപ മുറികളില്‍ നിന്നെത്തിയ സഹപ്രവര്‍ത്തകരാണ് എയര്‍ ഹോസ്റ്റസിനെ രക്ഷിച്ചത്. സഹപ്രവര്‍ത്തകര്‍ വരുന്നത് കണ്ട അക്രമി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇയാളെ ഹോട്ടല്‍ ജീവനക്കാര്‍ പിടികൂടി.
പുലര്‍ച്ചെ ഒന്നരയോടെയാണ് അക്രമമുണ്ടായത്. എയര്‍ ഹോസ്റ്റസ് ഉറങ്ങുന്നതിനിടെ അക്രമി മുറിയില്‍ അതിക്രമിച്ചുകയറുകയായിരുന്നു. ഞെട്ടിയുണര്‍ന്ന എയര്‍ ഹോസ്റ്റസ് സഹായത്തിനായി അലറിക്കരഞ്ഞു. രക്ഷപ്പെടാനായി വാതില്‍ ലക്ഷ്യമാക്കി ഓടിയതോടെ അക്രമി ക്ലോത്ത് ഹാംഗര്‍ ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയും നിലത്തുകൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.
അക്രമത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ എയര്‍ ഹോസ്റ്റസിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവരുടെ ദേഹത്ത് ചതവുകള്‍ ഉണ്ടായിരുന്നു. ചികിത്സയ്ക്ക് ശേഷം എയര്‍ഹോസ്റ്റസ് ഇന്ത്യയിലേക്ക് മടങ്ങിവന്നു. അക്രമം ഉണ്ടാക്കിയ മാനസികാഘാതം മറികടക്കാനായി അവര്‍ കൗണ്‍സിലിങ്ങിന് വിധേയയായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
സംഭവത്തില്‍ എയര്‍ ഇന്ത്യ നടുക്കം രേഖപ്പെടുത്തി. തങ്ങളുടെ ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണനയെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. എയര്‍ ഇന്ത്യ ജീവനക്കാരിക്കെതിരെ നടന്ന ആക്രമണം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് എം.പി. മനീഷ് തിവാരി പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല