1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2024

സ്വന്തം ലേഖകൻ: കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാക്രമത്തെ തുടർന്ന് വെട്ടിലായി സഹയാത്രികരും വിമാനത്തിലെ ജീവനക്കാരും. കോഴിക്കോട് നിന്നും ബഹ്റൈനിലേക്കുള്ള വിമാനത്തിലാണ് അബ്ദുൾ മുസവ്വിർ നടുക്കണ്ടിയിൽ എന്ന യുവാവ് ജീവനക്കാരെ അക്രമിക്കുകയും വിമാനത്തിന്റെ പിൻവാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്തത്. ഇയാളുടെ അതിക്രമത്തെ തുടർന്ന് വിമാനം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിടേണ്ടി വന്നതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച ബഹ്‌റൈനിലേക്കുള്ള പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്. “രാവിലെ 10.10 ന് കോഴിക്കോട് നിന്ന് വിമാനം പറന്നുയർന്നു,തുടർന്ന് മുസവ്വിർ സീറ്റിൽ നിന്ന് എഴുന്നേറ്റ് വിമാനത്തിന്റെ പിൻവാതിലിനടുത്തേക്ക് പോയി. തുടർന്ന് അയാൾ ജീവനക്കാരെ തള്ളിയിട്ട് വിമാനത്തിന്റെ പിൻവാതിൽ തുറക്കാൻ ശ്രമിച്ചു. ഇതുകണ്ട വിമാനത്തിലെ ക്യാബിൻ ക്രൂ മുസവ്വിറിനെ വിലക്കുകയും ഇയാളുടെ പ്രവൃത്തി വിമാനത്തിലെ യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുമെന്ന് പറഞ്ഞ് സീറ്റിലേക്ക് തിരികെ കൊണ്ടുപോവുകയും ചെയ്തു,” പരാതിക്കാരനായ ഓം ദേശ്മുഖിന്റ മൊഴിയിൽ പറയുന്നു.

മുസവ്വിർ തന്റെ അടുത്തിരുന്ന യാത്രക്കാരെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തുവെന്നും പിന്നിലെ വാതിൽ വീണ്ടും തുറക്കുമെന്നും സീറ്റിൽ നിന്ന് എഴുന്നേറ്റ് വാതിലിനടുത്തേക്ക് പോകുമെന്നും ഭീഷണിപ്പെടുത്തിയതായും സഹാർ പൊലീസും പറഞ്ഞു. വിമാനത്തിൽ ബഹളം സൃഷ്ടിക്കുകയും ക്രൂ അംഗങ്ങളെ മർദിക്കുകയും സഹയാത്രികരെ അധിക്ഷേപിക്കുകയും ചെയ്ത കുറ്റത്തിന് മുസവ്വിറിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ സാന്നിധ്യം വിമാനത്തിനും മറ്റ് യാത്രക്കാർക്കും ഭീഷണിയാകുമെന്ന് ജീവനക്കാർ മനസ്സിലാക്കിയതിനെ തുടർന്നാണ് പൈലറ്റിന് വിമാനം മുംബൈയിൽ ലാൻഡ് ചെയ്യേണ്ടി വന്നതെന്നും പൊലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.