സ്വന്തം ലേഖകൻ: യാത്രക്കാരന് നൽകിയ ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തിയതിൽ പ്രതികരിച്ച് എയർ ഇന്ത്യ. കേറ്ററിംഗ് കമ്പനിയിൽ നിന്നുണ്ടായ വീഴ്ചയാണെന്നും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്താതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും എയർ ഇന്ത്യയുടെ ചീഫ് കസ്റ്റമർ എക്‌സിപീരിയൻസ് ഓഫീസർ രാജേഷ് ദോഗ്‌റ അറിയിച്ചു. പച്ചക്കറി മുറിച്ച ശേഷം ബ്ലേഡ് അറിയാതെ ഭക്ഷണത്തിൽ ഉൾപ്പെട്ടതാണെന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
ബാംഗ്ലൂർ-സാൻ ഫ്രാൻസിസ്‌കോ റൂട്ടിൽ സർവീസ് നടത്തുന്ന വിമാനത്തിൽ ജൂൺ 10നായിരുന്നു സംഭവം. മാതുറസ് പോൾ എന്ന യാത്രക്കാരനാണ് തനിക്ക് ഭക്ഷണത്തിൽ നിന്ന് ബ്ലേഡ് കിട്ടിയതായി കാട്ടി എക്‌സിൽ കുറിപ്പ് പങ്കു വച്ചത്. എയർ ഇന്ത്യയുടെ വിഭവങ്ങളുപയോഗിച്ച് സാധനങ്ങൾ മുറിക്കാമെന്നായിരുന്നു വിമർശനം. ബ്ലേഡിന്റെ ചിത്രമുൾപ്പടെ പോൾ പങ്കുവയ്ക്കുകയും ചെയ്തു. വായിലിട്ട ശേഷമാണ് ഭക്ഷണത്തിൽ ബ്ലേഡ് ഉണ്ടെന്ന് ഇദ്ദേഹം തിരിച്ചറിയുന്നത്. ഉടൻ തന്നെ തുപ്പി. തുടർന്ന് വിവരം ഫ്‌ളൈറ്റ് ജീവക്കാരെ അറിയിച്ചു.
ഇവർ ഉടൻ തന്നെ മാപ്പ് പറയുകയും മറ്റൊരു വിഭവവുമായി എത്തുകയും ചെയ്‌തെന്നാണ് പോൾ പറയുന്നത്. തന്റെ ഭാഗ്യത്തിന് അപകടമൊന്നും ഉണ്ടായില്ലെന്നും തന്റെ സ്ഥാനത്ത് ഒരു കുഞ്ഞായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നെന്നും പോൾ എക്‌സിൽ പങ്കു വച്ച കുറിപ്പിൽ വിമർശനമുന്നയിച്ചു. പോസ്റ്റിൽ പോൾ എയർ ഇന്ത്യയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണിപ്പോൾ കമ്പനി പ്രതികരണവുമായെത്തിയിരിക്കുന്നത്.
എയർ ഇന്ത്യ ബിസിനസ് ക്ലാസിൽ നേരിടേണ്ടി വന്ന യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കു വച്ച് മറ്റൊരു യാത്രക്കാരൻ പോസ്റ്റ് ചെയ്ത കുറിച്ച് ചർച്ചയാകുന്നതിനിടെയാണ് പുതിയ വിവാദം.
വിനീത് എന്ന യാത്രക്കാരനാണ് എക്‌സിലൂടെ ഭുരനുഭവത്തെക്കുറിച്ച് പങ്കുവച്ചത്. ഒരു പേടിസ്വപ്നത്തെക്കാൾ ഒട്ടും കുറവായിരുന്നില്ല യാത്രയെന്നായിരുന്നു വിനീതിന്റെ വിമർശനം. പാകം ചെയ്യാത്ത ഭക്ഷണവും ജീർണിച്ച സീറ്റുകളുമാണ് ബിസിനസ് ക്ലാസിൽ തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം കുറിച്ചത്. ഈ സംഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ പ്രസ്താവനയിറക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല