സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്ക് ചെക്ക് ഇൻ ബാഗേജിൽ വരുത്തിയ നിബന്ധന പ്രവാസികൾക്ക് പ്രയാസമാകും. സാധാരണ പ്രവാസി യാത്രക്കാരിൽ കൂടുതലും കാർഡ് ബോർഡ് ബോക്സാണ് ലഗേജ് കൊണ്ടുപോകാൻ ഉപയോഗിക്കുന്നത്. അനുവദിച്ച തൂക്കത്തിനനുസൃതമായി രണ്ടും മൂന്നും പെട്ടികളാണ് ഉപയോഗിക്കുക. പ്രത്യേകിച്ച് കുട്ടികളും സ്ത്രീകളും പ്രായം ചെന്നവരും യാത്ര ചെയ്യുമ്പോൾ ഭാരം കുറച്ച് കൂടുതൽ പെട്ടികളായാണ് സാധനങ്ങൾ കൊണ്ടുപോകാറ്. അവർക്ക് തള്ളിക്കൊണ്ടുപോകാനും ബെൽറ്റിൽനിന്ന് എടുക്കാനുമുള്ള സൗകര്യത്തിനാണ് ഇങ്ങനെ ചെയ്യുന്നത്.
ഗൾഫ് യാത്രക്കാർ നാട്ടിലേക്ക് കൊണ്ടുപോകുന്ന കമ്പിളി പുതപ്പിന് തൂക്കം കുറവാണെങ്കിലും വലിയ പെട്ടി ആയിരിക്കും. അതുപോലെ തന്നെ ടി.വി, മിക്സി, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും അതിന്റെ തനത് പാക്കിങ്ങിൽ തന്നെയാണ് കൊണ്ടുപോകുക. കമ്പനിയുടെ പാക്കിങ്ങിൽ തന്നെ കൊണ്ടുപോകുന്നത് കേടുവരാതിരിക്കാൻ കൂടിയാണ്. ചിപ്സ് പാക്കറ്റും ഫ്രഞ്ച് ഫ്രൈസും കുട്ടികളുടെ കളിക്കോപ്പും പുസ്തകവും ചിലർ പ്രത്യേകം ചെറിയ പെട്ടിയായി കെട്ടാറുണ്ട്.
അതും ഇപ്പോൾ പറ്റാതെവന്നിരിക്കയാണ്. രണ്ടിൽ കൂടുതൽ പെട്ടികൾ ചെക്ക് ഇൻബാഗേജിൽ അനുവദിക്കാത്തത് പ്രായം കൂടിയവർക്ക് തനിച്ചു യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ട്രാവൽ മേഖലയിലുള്ളവർ ചൂണ്ടിക്കാണിക്കുന്നു. അധിക തൂക്ക ബാഗേജിന് നിരക്ക് കുത്തനെ കൂട്ടിയിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. അതിനിടയിലാണ് പെട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ബജറ്റ് എയർ എന്ന പേരിൽ സർവിസ് നടത്തുകയും ഒരു ആനുകൂല്യവും നൽകാതെ ദുരിതയാത്ര മാത്രം സമ്മാനിക്കുകയാണ് എയർ ഇന്ത്യയെന്നും യാത്രക്കാർ ആരോപിക്കുന്നു.
ഒക്ടോബർ 29 മുതലാണ് അന്താരാഷ്ട്ര യാത്രക്കാർക്ക് ബാഗേജിൽ കർശന നിയന്ത്രണം എയർ ഇന്ത്യ എക്സ്പ്രസ് ഏർപ്പെടുത്തിയത്. ചെക്ക് ഇൻ ബാഗേജ് രണ്ട് ബോക്സ് മാത്രമായി പരിമിതപ്പെടുത്തിയാണ് പുതിയ ഉത്തരവ്. ഇതുപ്രകാരം കൊണ്ടുപോകുന്ന ലഗേജ് എത്ര തൂക്കമാണെങ്കിലും രണ്ടു ബോക്സിൽ ഒതുക്കണം. ബോക്സുകൾ കൂടുന്നുണ്ടെങ്കിൽ പ്രത്യേകം അനുമതി നേടുകയും നിശ്ചിത തുക അടക്കുകയും വേണം.
അധികമുള്ള ഓരോ ബോക്സിനും 8.5 റിയാൽ വീതം അധികമായി നൽകേണ്ടിവരും. കാബിൻ ബാഗേജ് നിയമത്തിൽ മാറ്റം വരുത്തിയിട്ടില്ല. കേരള സെക്ടറിൽനിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർ അധികം വരുന്ന പെട്ടിക്ക് 1800 രൂപയാണ് എയർപോർട്ടിൽ നൽകേണ്ടത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ രാജ്യാന്തര സർവിസിലും ഈ നിയമം ബാധകമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല