സ്വന്തം ലേഖകന്‍: ആ കൈ ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞന്‍ ഹോമി ജെ ഭാഭയുടേതോ? ആകാംക്ഷ പരത്തി ഫ്രാന്‍സിലെ ആല്പ്‌സ് മലനിരകളില്‍ കണ്ടെത്തിയ എയര്‍ ഇന്ത്യ വിമാനാപകട അവശിഷ്ടങ്ങള്‍. ഫ്രാന്‍സില്‍ലെ മോണ്ട് ബ്ലായിലെ മഞ്ഞ് മലനിരകളില്‍നിന്ന് കണ്ടെത്തിയ ഒരു കൈയും കാലുമാണ് ചരിത്ര ഗവേഷകരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നത്. 50 വര്‍ഷം മുമ്പ് ഫ്രഞ്ച് ആല്‍പ്‌സില്‍ തകര്‍ന്നുവീണ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രചെയ്ത ആരുടേതെങ്കിലുമാകാം ഇതെന്നാണ് നിഗമനം.
ആ വിമാനങ്ങളിലൊന്നില്‍ ഇന്ത്യന്‍ ആണവോര്‍ജ കമീഷന്‍ ചെയര്‍മാന്‍ ഹോമി ജെ. ഭാഭ ഉണ്ടായിരുന്നു എന്നതാണ് കൗതുകകരം. അതിനിടെ മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടെത്തിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമയാന സെക്രട്ടറി ആര്‍.എന്‍. ചൗബെ എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനിയോട് അടിയന്തരമായി ഫ്രാന്‍സിലെത്താന്‍ ആവശ്യപ്പെട്ടു. അദ്ദേഹം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ തേടുമെന്നും ചൗബെ പറഞ്ഞു.
മുംബൈയില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ ‘കാഞ്ചന്‍ജംഗ’ ബോയിങ് 707 വിമാനം 1966 ജനുവരി 24നാണ് ആല്‍പ്‌സ് പര്‍വതനിരയിലെ മോണ്ട് ബ്ലായില്‍ തകര്‍ന്നുവീണത്. വിയനയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഹോമി ജെ. ഭാഭയുടെ വിമാനയാത്ര. ആ ദുരന്തത്തില്‍ ഇന്ത്യയുടെ പ്രഗല്ഭനായ ആണവശാസ്ത്രജ്ഞനും ഉള്‍പ്പെട്ടത് നിരവധി ഗൂഡാലോചന സിദ്ധാന്തങ്ങള്‍ക്കും കാരണമായി.
ഇന്ത്യക്ക് രാജ്യാന്തരതലത്തില്‍ മുന്നേറ്റം നല്‍കുന്ന ട്രോംബെയിലെ ആദ്യ ആണവോര്‍ജ കേന്ദ്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴായിരുന്നു ഭാഭയുടെ അവിചാരിതമായ അപകട മരണം. ഭാഭ യാത്രചെയ്ത വിമാനത്തിലെ 117 പേരും അന്ന് കൊല്ലപ്പെട്ടു. മംബൈയില്‍നിന്ന് പുറപ്പെട്ട് ഡല്‍ഹി, ബൈറൂത് എന്നീവിടങ്ങളില്‍ ഇറങ്ങി ജനീവയിലെ കോയിന്‍ട്രിന്‍ വിമാനത്താവളത്തില്‍ എത്തുന്നതിന് തൊട്ടു മുമ്പാണ് വിമാനം മോണ്ട് ബ്ലായില്‍ തകര്‍ന്നുവീഴുന്നത്.
റേഡിയോ സിഗ്‌നല്‍ സംവിധാനത്തിലുണ്ടായ തകരാര്‍ പൈലറ്റിന് തെറ്റിദ്ധാരണയുണ്ടാക്കിയത് അപകടത്തിലേക്ക് നയിച്ചുവെന്നായിരുന്നു നിഗമനം. പര്‍വതം പിന്നിട്ടെന്ന് കരുതി പൈലറ്റ് വിമാനമിറക്കാന്‍ ശ്രമിക്കുകയായിരുന്നു. 1950 നവംബര്‍ മൂന്നിന് ഏതാണ്ട് ഇതേ സ്ഥലത്ത് എയര്‍ ഇന്ത്യയുടെ ‘മലബാര്‍ പ്രിന്‍സസ്’ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ടത് 48 പേരാണ്.
മുംബൈയില്‍നിന്ന് ലണ്ടനിലേക്ക് പറന്നതായിരുന്നു മലബാര്‍ പ്രിന്‍സസ്.
സംഭവത്തിനുശേഷം മലനിരകളില്‍ നടത്തിയ തിരച്ചിലില്‍ വിമാനത്തിലെ പല വസ്തുവകകളും കണ്ടെടുത്തിരുന്നു. ഇതില്‍ ‘വിദേശകാര്യ മന്ത്രാലയം, നയതന്ത്ര തപാല്‍’ എന്ന് രേഖപ്പെടുത്തിയ എയര്‍ ഇന്ത്യ മെയിലും ഹിന്ദു പത്രവും അഞ്ചു വര്‍ഷം മുമ്പാണ് കണ്ടുകിട്ടിയത്. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന് രേഖപ്പെടുത്തിയ ഒരു ലോഹപ്പെട്ടിയില്‍ 2,25,000 പൗണ്ട് വിലമതിക്കുന്ന മരതകവും രത്‌നങ്ങളുമടക്കം കണ്ടെത്തുകയുമുണ്ടായി. ഇതോടൊപ്പം കാമറ, കൈയുറകള്‍, താക്കോല്‍ക്കൂട്ടം എന്നിവയും 15 കുരങ്ങുകളെയും മഞ്ഞിനടിയില്‍ നിന്ന് ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല