സ്വന്തം ലേഖകൻ: സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരുച്ചിറപ്പള്ളി(ട്രിച്ചി) യിൽ രണ്ടു മണിക്കൂറിലേറെ ആശങ്ക സൃഷ്ടിച്ച വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. പിന്നാലെ കയ്യടി നേടുകയാണ് വിമാനത്തിന്റെ വനിത പൈലറ്റ് ആയ ക്യാപ്റ്റൻ ഡാനിയൽ പെലിസ. മനോധൈര്യത്തിന്റെ ആൾരൂപം എന്ന പ്രശംസിച്ചാണ് ക്യാപ്റ്റൻ പെലിസയ്ക്ക് അഭിനന്ദനങ്ങൾ എത്തുന്നത്.
141 യാത്രക്കാരുമായാണ് എയർ ഇന്ത്യയുടെ 613 വിമാനം വട്ടമിട്ട് പറന്നുകൊണ്ടിരുന്നത്. നിർണായകമായ ഈ മണിക്കൂറിൽ വനിത പൈലറ്റിന്റെ മനോബലമാണ് വലിയ അപകടങ്ങൾ സൃഷ്ടിക്കാതെ വിമാനത്തിന് അടിയന്തര ലാൻഡിങ് സാധ്യമായത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ വിമാനത്തിന്റെ സുരക്ഷിത ലാൻഡിങ്ങിന് പൈലറ്റിന് അഭിനന്ദനവുമായി എത്തി.
ലാൻഡിങ് ഗിയർ പ്രശ്നത്തെ കുറിച്ചുള്ള വാർത്തകൾ ലഭിച്ചയുടൻ വേണ്ട നടപടികൾ സ്വീകരിച്ചു . വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് വാർത്ത കേട്ടപ്പോൾ ഹൃദയം നിറഞ്ഞു. സുരക്ഷിതമായ ലാൻഡിംഗിന് നേതൃത്വം നൽകിയ ക്യാപ്റ്റനും സംഘത്തിനും അഭിനന്ദനങ്ങൾ എന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എക്സിൽ കുറിച്ചു
സ്റ്റാലിന്റെ കുറിപ്പ്
‘വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന വാർത്ത കേട്ടപ്പോൾ എനിക്ക് ഹൃദയം നിറഞ്ഞു. ലാൻഡിംഗ് ഗിയർ പ്രശ്നത്തെക്കുറിച്ചുള്ള വാർത്തകൾ ലഭിച്ചയുടൻ, ഞാൻ ഉടൻ തന്നെ ഉദ്യോഗസ്ഥരുമായി ഫോണിൽ ഒരു അടിയന്തര യോഗം ഏകോപിപ്പിക്കുകയും ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ, വൈദ്യസഹായം എന്നിവ വിന്യസിക്കുന്നത് ഉൾപ്പെടെ ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും നടപ്പിലാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. എല്ലാ യാത്രക്കാരുടെയും തുടർ സുരക്ഷ ഉറപ്പാക്കാനും തുടർ സഹായം നൽകാനും ഞാൻ ഇപ്പോൾ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷിതമായ ലാൻഡിംഗിന് ക്യാപ്റ്റനും സംഘത്തിനും എൻ്റെ അഭിനന്ദനങ്ങൾ.’
വൈകിട്ട് 5.40ന് ട്രിച്ചി വിമാനത്താവളത്തിൽനിന്നാണു വിമാനം യാത്രതിരിച്ചത്. 8.15 ഓടെ വിമാനം നിലത്തിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട AXB613 വിമാനമാണ് ഏവരേയും ആശങ്കയിലാഴ്ത്തിയത്. ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെത്തുടർന്നാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല