1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2024

സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് യുഎഇ സെക്ടറിൽ മാത്രം ബാഗേജ് പരിധി കുറച്ചതിൽ വ്യാപക പ്രതിഷേധം. ഗൾഫിൽ ഏറ്റവും കൂടുതൽ ലാഭം നേടിക്കൊടുക്കുന്ന സെക്ടറിലെ പ്രവാസികളോടുള്ള ക്രൂരതയാണിതെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു. മറ്റ് ഇന്ത്യൻ വിമാന കമ്പനികളെല്ലാം 30 കിലോ സൗജന്യ ബാഗേജ് നൽകുമ്പോഴാണിത്.

മറ്റ് ജിസിസി രാജ്യങ്ങളിലെ മൊത്തം യാത്രക്കാരേക്കാൾ കൂടുതൽ പേർ യുഎഇയിൽനിന്നു മാത്രം ഈ എയർലൈനിൽ യാത്ര ചെയ്യുന്നുണ്ട്. എല്ലാ സീസണിലും യുഎഇ–കേരള സെക്ടറിൽ മാത്രമാണ് നിറയെ യാത്രക്കാരുള്ളത്.

എന്നിട്ടും ഈ സെക്ടറിലെ പ്രവാസികളുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നത് ധിക്കാരമാണെന്ന് പ്രവാസി സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് പ്രവാസി സംഘടനകൾ.

ഇതേസമയം, പുതിയ നിയമം നിലവിൽ വന്ന ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് എടുത്തവർക്കും പുതുതായി എടുക്കുന്നവർക്കും 20 കിലോയാണ് സൗജന്യ ബാഗേജ് പരിധിയെന്നും നേരത്തെ ടിക്കറ്റെടുത്തവർക്ക് 30 കിലോ ബാഗേജ് പരിധി ലഭിക്കുമെന്നും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.

ഈമാസം 19 മുതലാണ് ബാഗേജ് അലവൻസ് വെട്ടിക്കുറച്ചത്. നേരത്തേ യു.എ.ഇയിൽ നിന്ന് നാട്ടിലേക്ക് 30 കിലോ സാധനങ്ങൾ കൊണ്ടുപോകാനും, നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് 20 കിലോ സാധനങ്ങൾ കൊണ്ടുപോകാനുമാണ് അനുമതിയുണ്ടായിരുന്നത്. നാട്ടിൽ നിന്ന് യു.എ.ഇയിലേക്കുള്ള ബാഗേജ് അലവൻസ് പഴയത് പോലെ 20 കിലോയായി തുടരും.

എന്നാൽ, യു.എ.ഇയിൽ നിന്നും, സിങ്കപ്പൂരിൽ നിന്നുമുള്ള യാത്രക്കാരുടെ ബാഗേജാണ് 20 കിലോയിലേക്ക് കുറച്ചത്. കൂടുതൽ സാധനങ്ങൾ കൊണ്ടുപോകേണ്ടവർക്ക് പണം നൽകി പരമാവധി 15 കിലോവരെ അഡീഷണൽ ബാഗേജ് കൊണ്ടുപോകാം.

നേരത്തേ ഇത് 45 കിലോ വലെ സാധിച്ചിരുന്നെങ്കിൽ ഇനി മുതൽ അഡീഷണൽ ബാഗേജ് ഉൾപ്പെടെ 35 കിലോ മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയൂ. എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന രാജ്യമാണ് യു.എ.ഇ. ഷാർജയിൽ നിന്ന് കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലേക്കു എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് സർവീസ് നടത്തുന്നത്.

അതുകൊണ്ട് അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് ഈ നടപടി തിരിച്ചടിയാകും. സൗജന്യ അലവൻസിന് പുറമേ പണം നൽകി അഡീഷൺ ബാഗേജ് വാങ്ങാൻ യാത്രക്കാരെ നിർബന്ധിതരാക്കുന്ന വിമാനകമ്പനിയുടെ തന്ത്രമാണതിതെന്ന വിശമർശവും ശക്തമാവുന്നുണ്ട്. 19 ന് ശേഷം ടിക്കറ്റെടുക്കുന്നവർക്കാണ് ബാഗേജിലെ കുറവ് ബാധകമാവുക. നേരത്തേ ടിക്കറ്റെടുത്തവർക്ക് 30 കിലോ ബാഗേജ് തുടരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.