സ്വന്തം ലേഖകൻ: ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പറന്നുയര്‍ന്ന പൂണെ-ബെംഗളൂരു-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 1132 വിമാനത്തിന്റെ എന്‍ജിന് തീപ്പിടിച്ചു. അപകടം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തെത്തിച്ചതോടെ വന്‍ദുരന്തം ഒഴിവായി. ശനിയാഴ്ച രാത്രി 11 മണിക്കാണ് സംഭവം.
ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്ന ഉടനെയായിരുന്നു വിമാനത്തില്‍ തീ കണ്ടത്. പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കുകയും തീയണക്കുകയും ചെയ്തു. 179 യാത്രക്കാരും ആറു ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്.
പുണെയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയതായിരുന്നു വിമാനം. ഇവിടെ യാത്രക്കാരെ ഇറക്കി രാത്രി 9.40ന് കൊച്ചിയിലേക്ക് പറന്നുയരേണ്ട വിമാനം രാത്രി വൈകി 11 മണിയോടെയായിരുന്നു പറന്നുയര്‍ന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്‍ രാജഹംസന്‍ പറഞ്ഞു.
പുറത്തേക്കുള്ള എല്ലാ എമര്‍ജന്‍സി വാതിലുകളും തുറന്നിരുന്നു. വിമാനത്താവളത്തിന് ഏറെ അകലെയായിട്ടാണ് വിമാനം ലാന്‍ഡ് ചെയ്തത്. ഉടന്‍ തന്നെ യാത്രക്കാരോട് ചാടിയിറങ്ങാന്‍ കാബിന്‍ ക്രൂ നിര്‍ദേശം തന്നു. പുറത്തേക്ക് ചാടുന്ന സമയത്ത് ചിലര്‍ക്ക് നിസാരമായ പരിക്കേറ്റു.
ഇറങ്ങിക്കഴിഞ്ഞയുടന്‍ തന്നെ ദൂരേക്ക് ഓടിപ്പോകാനും കാബിന്‍ക്രൂ നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഫയര്‍ എന്‍ജിനുകളെത്തി തീയണക്കുകയായിരുന്നു. ഈ സമയം ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പ്രായമായവരേയും പരിഭ്രാന്തരായ യാത്രക്കാരെയും കൊണ്ടുപോയെന്നും രാജഹംസന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ മറ്റൊരു വിമാനവും സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. തിരുവനന്തപുരം – ബെംഗളൂരു വിമാനമാണ് തിരിച്ചിറക്കിയത്. ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ എയര്‍ കംപ്രസറില്‍ സാങ്കേതികത്തകരാര്‍ സംഭവിക്കുകയായിരുന്നു.
ഇതുമൂലം യാത്രക്കാരില്‍ ചിലര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടര്‍ന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. വിമാനത്തില്‍ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല