1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2024

സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് അബുദാബിയിലേക്കു പുറപ്പെടേണ്ട എയർ അറേബ്യ വിമാനത്തിനു ബോംബ് ഭീഷണി സന്ദേശമയച്ച യുവാവ് അറസ്റ്റിൽ. ഭീഷണി സ്വന്തം യാത്ര മുടക്കാൻ വേണ്ടിയാണെന്നു പ്രാഥമിക നിഗമനം.

പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങൽ വീട്ടിൽ മുഹമ്മദ് ഇജാസ് (26) ആണ് അറസ്റ്റിലായത്. 28നു വൈകിട്ട് 5.10നാണ് എയർപോർട്ട് ഡയറക്ടറുടെ ഇ–മെയിലിലേക്കു ഭീഷണി സന്ദേശമെത്തിയത്. രാത്രി ഒൻപതരയ്ക്കു പോകേണ്ടതായിരുന്നു വിമാനം.

ഇജാസിന്റെ പേരിലുള്ള ഇമെയിൽ അക്കൗണ്ടിൽനിന്നായിരുന്നു ഭീഷണി. ഉടൻ സിഐഎസ്എഫ്, കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങൾ പരിശോധന നടത്തി യാത്രക്കാരനായ മുഹമ്മദ് ഇജാസിനെ തടഞ്ഞുവച്ചു. പരിശോധന നടത്തി ഭീഷണിയില്ലെന്ന് ഉറപ്പാക്കിയ ശേഷം, അർധരാത്രി 12നാണു വിമാനം പുറപ്പെട്ടത്. ‌

ഇജാസിനു വിദേശത്തു സാമ്പത്തിക ഇടപാടുകളുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവിടെ എത്തിയാൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ മുന്നിൽക്കണ്ട് യാത്ര തടയാൻ ഇജാസ് കണ്ടെത്തിയ വഴിയായിരിക്കാം ഇ–മെയിൽ സന്ദേശമെന്നാണു നിഗമനം.

അതിനിടെ ജ്യത്തെ വ്യോമയാന മേഖലയെ സ്തംഭിപ്പിച്ച വ്യാജ ബോംബ് ഭീഷണി ചെറുക്കാനായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സുരക്ഷാ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തി. ഇത്തരത്തിൽ വരുന്ന ഭീഷണികളുടെ ഗൗരവം പരിശോധിക്കാൻ പുതിയ മാനദണ്ഡങ്ങൾ നിർദേശങ്ങളിലുണ്ട്.

ഒരു വിമാനം അടിയന്തര ലാൻഡിങ്ങിനും പരിശോധനയ്ക്കും വിധേയമാക്കുന്നതിനു മുൻപ് ഭീഷണി പുറപ്പെടുവിച്ചയാൾ വ്യാജ പ്രൊഫൈലിലാണോ, ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുണ്ടോ, ഭീഷണിയുമായി ബന്ധിപ്പിക്കാവുന്ന ഏതെങ്കിലും സാമ്പത്തിക, സാമൂഹിക, രാഷ്‌ട്രീയ പ്രശ്നങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.

വിമാനത്തിൽ വിഐപി, വിവിഐപി തലത്തിലുള്ള വ്യക്തികളുണ്ടോയെന്നും പരിഗണിക്കും. അഞ്ഞൂറിലധികം വ്യാജ ബോംബ് ഭീഷണികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ പരിഷ്കാരം. ഇതിനിടെ, വ്യാജ ബോംബ് ഭീഷണി കേസിൽ പ്രതിയെന്നു സംശയിക്കുന്ന നാഗ്പുർ സ്വദേശി ജഗദീഷ് ഉയ്കെ ഡൽഹിയിൽ നിന്നാണ് ഇമെയിലുകൾ അയച്ചതെന്ന് കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.