സ്വന്തം ലേഖകൻ: ദുബായിൽ നിന്ന് ഇന്നലെ വൈകിട്ട് ആറരയ്ക്ക് കൊച്ചിയിലേയ്ക്ക് പറക്കേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെട്ടത് 10 മണിക്കൂറോളം വൈകി. െഎ എക്സ് 434 വിമാനമാണ് അനിശ്ചിതമായി വൈകി ഇന്ന് പുലർച്ചെ നാലിനാണ് യാത്രയായത്. സ്ത്രീകളും കുട്ടികളും രോഗികളുമടക്കം ഒട്ടേറെ പേർ ഇത്രയും നേരം ദുബായ് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു.
അടുത്തബന്ധുവിന്റെ മരണത്തെ തുടർന്നും വിവാഹം പോലുള്ള ചടങ്ങുകളിൽ പങ്കെടുക്കാനും അടിയന്തരമായി നാട്ടിലെത്താൻ യാത്ര തിരിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. സാങ്കേതിക പ്രശ്നമാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ യാത്രക്കാരോട് വൈകലിന് കാരണമായി പറഞ്ഞതെങ്കിലും മറ്റൊരു വിമാനം വൈകിയത് കാരണമാണ് ഈ വിമാനം വൈകുന്നതെന്നായിരുന്നു വെബ് സൈറ്റിൽ രേഖപ്പെടുത്തിയിരുന്നത്.
രണ്ടാഴ്ച അവധിക്ക് പുറപ്പെട്ട താനും കുടുംബവും വളരെയേറെ പ്രശ്നങ്ങളാണ് ഇതുമൂലം നേരിട്ടതെന്ന് യാത്രക്കാരിലൊരാളായ തൃശൂർ സ്വദേശി മനീഷ് മോഹൻദാസ് പറഞ്ഞു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയിരുന്നു. ബോർഡിങ് കഴിഞ്ഞ ശേഷമായിരുന്നു സാങ്കേതിക തകരാറ് മൂലം വിമാനം വൈകുമെന്ന അറിയിപ്പ് ഉണ്ടായത്. ഇതോടെ വൈകാതെ യാത്ര പുറപ്പെടാനാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്നു.
പക്ഷേ, മണിക്കൂറുകളോളം അനിശ്ചിതമായി നീളുകയായിരുന്നു. യാത്രക്കാർക്ക് വേണ്ട സഹായങ്ങളൊന്നും എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. കൃത്യമായി ഉറങ്ങാനും വിശ്രമിക്കാനുമാകാതെ രോഗികളും കുട്ടികളും വയോധികരും ഏറെ വലഞ്ഞു. അടുത്ത കാലത്തായി എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുന്നു. ഇരട്ടിയോളം നിരക്ക് നൽകിയാണ് പലരും ടിക്കറ്റെടുക്കുന്നത്. എന്നിട്ടും ഇത്തരത്തിലുള്ള പീഡനം അനീതിയാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല