സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം രാത്രി 8.55-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഡൽഹി- കൊച്ചി വിമാനം മണിക്കൂറുകള്‍ക്ക് ശേഷം പുറപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനം 12 മണിക്കൂറിന് ശേഷമാണ് ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. കേരളത്തിൽ ഓണം ആഘോഷിക്കാൻ വേണ്ടി വിമാനം ബുക്ക് ചെയ്തവരാണ് യാത്രക്കാരിലേറെയും.
വിമാനം വൈകുന്നതിന് പിന്നാലെ രാത്രി ഒരുമണിയോടെ പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും പിന്നീട് രാവിലെ ആറ് മണിയോടുകൂടി വിമാനം പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു. കുട്ടികളടക്കം നിരവധി പേരായിരുന്നു യാത്രക്കാരായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നവർ. ഇവർക്ക് യാതൊരുവിധത്തിലുള്ള താമസ സൗകര്യങ്ങളോ ഭക്ഷണ സൗകര്യങ്ങളോ ഒരുക്കിയില്ലെന്നാണ് യാത്രക്കാർ പറയുന്നത്.
എന്നാൽ രാവിലെയും വിമാനം പുറപ്പെട്ടില്ല. എന്നാൽ എന്തുകൊണ്ടാണ് വിമാനം വൈകുന്നു എന്ന കാര്യത്തിൽ എയർ ഇന്ത്യ വ്യക്തമാക്കിയില്ല. കഴിഞ്ഞദിവസം രാത്രിയിൽ യാത്രക്കാരിൽ ചിലർ പ്രതിഷേധമുയർത്തിയപ്പോൾ എയർ ഇന്ത്യ അധികൃതർ എത്തിയിരുന്നു. എന്നാൽ എന്തുകൊണ്ടാണ് വിമാനം വൈകിയത് എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
പ്രായമുള്ള ആളുകൾ, കുട്ടികൾ, അസുഖമുള്ളവരുണ്ട്, ഗർഭിണികളായ സ്ത്രീകളുണ്ട്… ആർക്കും യാതൊരുവിധത്തിലുള്ള സൗകര്യവും ഒരുക്കിയിട്ടില്ലെന്ന് വിമാനത്തിലെ യാത്രക്കാരി അഡ്വ. ബിന്ദു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന നയമാണ് എയർ ഇന്ത്യ എക്സ്പ്രസിനെന്നും യാതൊരുവിധത്തിലുള്ള സൗകര്യവും യാത്രക്കാർക്ക് ഒരുക്കിയിട്ടില്ലെന്നും യാത്രക്കാരൻ ജയരാജ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല