സ്വന്തം ലേഖകൻ: യാത്രക്കാരെ വലച്ച് വീണ്ടും എയര്‍ ഇന്ത്യ എക്സ്പ്രസ് അനിശ്ചിതമായി വൈകുന്നു. ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 12.25ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. നൂറ്റി എണ്‍പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
യാത്രക്കാരെ വിമാനത്തില്‍ കയറ്റിയ ശേഷം യന്ത്രത്തകരാറിനെ തുടര്‍ന്ന് അവസാന നിമിഷം യാത്ര അടിയന്തരമായി റദ്ദാക്കി. രണ്ട് മണിക്കൂറോളം നിര്‍ത്തിയിട്ട വിമാനത്തില്‍ ഇവരെ ഇരുത്തിയ ശേഷമാണ് തിരിച്ചിറക്കിയത്.വൈകിട്ട് 6 മണിക്ക് യാത്ര ചെയ്യാനാകുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ അറിയിച്ചത്. എന്നാല്‍ യന്ത്രത്തകരാര്‍ പരിഹരിക്കാനായില്ല.
യാത്രക്കാരോട് താമസ സ്ഥലത്തേക്ക് മടങ്ങാനാണ് ആദ്യഘട്ടത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യാത്രക്കാര്‍ പ്രതിഷേധിച്ചതോടെ ഹോട്ടലില്‍ താമസമൊരുക്കാന്‍ വിമാനക്കമ്പനി തയ്യാറായി. എപ്പോള്‍ യാത്ര ചെയ്യാനാകുമെന്ന ചോദ്യത്തിനും കൃത്യമായി മറുപടി അധികൃതര്‍ നല്‍കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല