സ്വന്തം ലേഖകൻ: സംസ്ഥാനത്തെ പ്രവാസികൾക്ക് വീണ്ടും എയർ ഇന്ത്യയുടെ ഇടുട്ടടി. സീറ്റുകൾ വെട്ടിക്കുറച്ചതിനുപിന്നാലെ കുട്ടികൾക്കുണ്ടായിരുന്ന നിരക്കിളവും പിൻവലിക്കാനൊരുങ്ങുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്സ്. ഇവരുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരേ ടിക്കറ്റ് നിരക്കാണ് കാണിക്കുന്നത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയും ടിക്കറ്റെടുത്തവർക്ക് ഇതേ നിരക്ക് നൽകേണ്ടിവന്നു. ഇതുവരെ മുതിർന്നവരുടെ ടിക്കറ്റ് നിരക്കിന്റെ പത്തു ശതമാനം വരെ കുറഞ്ഞ നിരക്കാണ് കുട്ടികൾക്ക് ഈടാക്കിയിരുന്നത്. ഈ നിരക്കിളവാണ് ഇപ്പോൾ കമ്പനി പിൻവലിച്ചിരിക്കുന്നത്.
ചെലവുകുറഞ്ഞ വിമാനക്കമ്പനികളിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ഇത്തരത്തിൽ ആനുകൂല്യം നൽകിയിരുന്നത്. മൂന്നും നാലും കുട്ടികളുമായി യാത്രചെയ്യുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു ഇവരുടെ സർവീസുകൾ. കുടുംബവുമൊത്ത് നാട്ടിലേക്കും തിരിച്ചും യാത്രചെയ്യുന്നവർക്ക് ഇളവു മൂലം 10,000മുതൽ 20,000 വരെ ലാഭമുണ്ടായിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് കരുതുന്നു.
എയർ ഇന്ത്യ എക്സ്പ്രസ്സും എയർ ഏഷ്യയും തമ്മിലുള്ള ലയനം നടക്കുന്നതിനാൽ രണ്ടുദിവസമായി ഇവരുടെ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ നവീകരണങ്ങൾ നടക്കുകയാണ്. നിലവിലെ റാഡിക്‌സ് സംവിധാനത്തിൽനിന്ന് നാവിറ്റയർ സംവിധാനത്തിലേക്ക് മാറുന്നുവെന്നാണ് അധികൃതർ പറയുന്നത്.
എഎയർ ഇന്ത്യയെയും എയർ ഇന്ത്യ എക്‌സ്‌പ്രസ്സിനെയും ടാറ്റ എറ്റെടുത്ത ശേഷമുണ്ടാകുന്ന രണ്ടാമത്തെ കടുത്ത തീരുമാനമാണ് ഇത്. നേരത്തെ രാജ്യത്തെ ചെറു പട്ടണങ്ങളിലേക്കുണ്ടായിരുന്ന എയർ ഇന്ത്യ വിമാന സർവീസുകൾ എയർ ഇന്ത്യ പിൻവലിക്കുകയും പകരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല