സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കൽ ‘വിനോദം’ തുടരുന്നു. ചൊവ്വാഴ്ച മസ്കത്തിൽനിന്ന് കേരളത്തിലേക്കുള്ള രണ്ട് വിമാന സർവിസുകൾ റദ്ദാക്കിയാണ് യാത്രക്കാരെ കുഴക്കിയത്. ചൊവ്വാഴ്ച കാലത്ത് 9.45ന് മസ്കത്തിൽനിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.30 കണ്ണൂരിലെത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 714 വിമാനവും ഉച്ചക്ക് 2.30 മസ്കത്തിൽനിന്ന് പുറപ്പെട്ട് രാത്രി 7.55 ന് തിരുവനന്തപുരത്ത് എത്തുന്ന ഐ.എക്സ് 554 വിമാനവുമാണ് റദ്ദാക്കിയത്.
ഇതോടെ ഈ വിമാനങ്ങളിൽ ടിക്കറ്റെടുത്തവർ വട്ടം കറങ്ങുകയാണ്. ചിലർക്കൊക്കെ അടുത്ത ദിവസങ്ങളിൽ യാത്ര ചെയ്യാൻ കഴിയും. എന്നാലും സ്ഥാപനങ്ങളിൽനിന്ന് ലീവെടുത്ത് നിശ്ചയിച്ചുറപ്പിച്ച യാത്ര മാറ്റി വെക്കേണ്ടിവന്നതിലുള്ള പ്രയാസത്തിലാണ് യാത്രക്കാർ.
കല്യാണം, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങിയ ആവശ്യങ്ങൾക്ക് നാട്ടിൽ പോവേണ്ടവർക്ക് അധിക ചാർജ് നൽകി മറ്റു വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടി വരും. യാത്രക്കൊരുങ്ങിയ പലരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുയാണ്.
ജൂൺ, ജൂലൈ മാസങ്ങളിൽ ഒമാനിൽ കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ സ്വദേശികളടക്കം നിരവധി വിദേശികൾ ഇന്ത്യയിലേക്ക് ടൂറിസത്തിനായി പോവാറുണ്ട്. ഇങ്ങനെ മഴ കാണാനും മറ്റും കേരളത്തിൽ പോവുന്നവരും നിരവധിയാണ്. ഇവരിൽ പലരും ഹ്രസ്വ അവധിക്കാണ് പോവുന്നത്. ഇത്തരക്കാർക്കെല്ലാം തിരിച്ചടിയാകുകയാണ് എയർ ഇന്ത്യയുടെ റദ്ദാക്കൽ നടപടി.
ഇന്ത്യയിലെ അനുകൂലമായ കാലവസ്ഥയാണ് സ്കൂൾ അവധി കഴിഞ്ഞിട്ടും ടിക്കറ്റ് നിരക്കുകൾ കുറയാത്തത്. അതിനാൽ ജൂൺ, ജൂലൈ മാസം വിമാനക്കമ്പനികൾക്ക് കൊയ്ത്തുകാലമാണ്. മറ്റു വിമാനക്കമ്പനികൾ ഈ മാസങ്ങളിലാണ് ലാഭമുണ്ടാക്കുന്നത്. എന്നാൽ ഈ സീസണിൽ പോലും വിമാനം റദ്ദാക്കിയാണ് എയർ ഇന്ത്യ മാതൃകയാവുന്നത്.
മേയ് മാസം ജീവനക്കാരുടെ സമരം കാരണം നിരവധി സർവിസുകൾ നിർത്തലാക്കിയതിന് വലിയ വിലയാണ് എയർ ഇന്ത്യ എക്സ്പ്രസ് നൽകേണ്ടി വന്നത്. ഇതോടെ യാത്രക്കാരുടെ വിശ്വാസ്യത നഷ്ടപ്പെടുകയും പലരും ടിക്കറ്റെടുക്കാൻ മടിക്കുകയും ചെയ്തിരുന്നു. സമരത്തിനു ശേഷവും സർവിസുകൾ റദ്ദാക്കൽ തുടർന്നതോടെ യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസിനെ കൈവിടുകയാണ്. ടിക്കറ്റെടുത്തവരിൽനിന്ന് തെറി കേൾക്കേണ്ടി വരുമെന്ന് ഭയന്ന് ട്രാവൽ ഏജന്റുകൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റ് നൽകാൻ മടിക്കുകയുമാണ്.
ടിക്കറ്റ് എടുക്കുന്നവരോട് സ്വന്തം ഉത്തരാവാദിത്തത്തിൽ ടിക്കറ്റെടുക്കാനാണ് ഏജന്റുമാർ നിർദേശിക്കുന്നത്. ഇപ്പോൾ രണ്ടും കൽപ്പിച്ചാണ് യാത്രക്കാർ എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റെടുക്കുന്നത്. വിമാനത്താവളത്തിലെത്തി ബോർഡിങ് പാസ് കിട്ടിയാലും ഇവർക്ക് ആശ്വാസം ആവില്ല. വിമാനം പറന്നുയർന്നാൽ മാത്രമാണ് യാത്രക്കാരുടെ ശ്വാസം നേരെ വീഴുന്നത്. യാത്രക്കാരിൽ പലരും ‘എയർ ഇന്ത്യ എക്സ്പ്രസിലാണ് വരുന്നതെന്നാണ് നാട്ടിലുള്ളവരെ വിവരം അറിയിക്കുന്നത്. സമയത്ത് വീട്ടിലെത്തിയാൽ ഭാഗ്യമെന്നാണ് നാട്ടിലുള്ളവരും കരുതുന്നത്.
സമരവും വിമാനം റദ്ദാക്കലും എയർ ഇന്ത്യ എക്സ്പ്രസിന്റെ സ്വീകാര്യത വല്ലാതെ കുറച്ചിട്ടുണ്ട്. നാളെ എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട്ടേക്കുള്ള നിരക്ക് വൺവേക്ക് 123 റിയാലാണ്. വ്യാഴം, വെള്ളി ദിവസങ്ങളിലും ഇത് തന്നെയാണ് നിരക്ക്. എന്നാൽ ഇതേ സെക്ടറിൽ കൃത്യമായി സർവിസ് നടത്തുന്ന ബജറ്റ് വിമാനക്കമ്പിനിയായ സലാം എയറിന്റെ വൺവേ നിരക്ക് 183 റിയാലാണ്.
വ്യാഴാഴ്ച ടിക്കറ്റ് ലഭ്യവിമല്ല. വെള്ളി, ശനി ദിവസങ്ങളിലും സമാന നിരക്ക് തന്നെയാണ് സലാം എയർ ഈടാക്കുന്നത്. അതായത് ടിക്കറ്റ് നിരക്കിൽ മറ്റു വിമാനക്കമ്പനികളെക്കാൾ ഏറെ കുറവുണ്ടായിട്ടും യാത്രക്കാർ ടിക്കറ്റെടുക്കാൻ മടിക്കുകയാണ്. കുറഞ്ഞ വരുമാനക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസിനെ കാര്യമായി ആശ്രയിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല