
സ്വന്തം ലേഖകൻ: ജീവനക്കാരുടെ സമരം പിൻവലിച്ചെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ പ്രതിസന്ധി തുടരുന്നു. കൊച്ചിയിൽ നിന്നുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി. ബഹ്റിൻ, ഹൈദരാബാദ്, ദമാം, കോൽക്കത്ത, ബംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്.
ഷെഡ്യൂൾ ചെയ്ത സർവീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. ഇക്കാര്യം യാത്രക്കാരെ ശനിയാഴ്ച തന്നെ കമ്പനി അറിയിച്ചു. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള കാലാതാമസമാണ് പ്രതിസന്ധി തുടരാനുള്ള കാരണം.
അതേസമയം, അവസരം മുതലാക്കി വിമാന കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നതായും പരാതിയുണ്ട്. സമരം പിൻവലിച്ചതോടെ പ്രശ്നത്തിന് അയവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന ഉറപ്പിലാണ് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം പിൻവലിച്ചത്.
ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്നും മാനേജ്മെന്റ് ഉറപ്പുനൽകി. തുടർന്നാണ് സമരം പിൻവലിക്കാൻ ജീവനക്കാരുടെ യൂനിയൻ തയാറായത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ജീവനക്കാർ ചൊവ്വാഴ്ച രാത്രിയാണ് ചരിത്രത്തിലില്ലാത്ത വിധം മിന്നൽ പണിമുടക്ക് തുടങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല