സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിപ്പറന്ന് യാത്രക്കാരെ വട്ടംകറക്കുന്നത് തുടരുന്നു. ഏതാനും ദിവസമായി വൈകിപ്പറക്കലും അപ്രതീക്ഷിതയാത്ര റദ്ദാക്കലും മൂലം നൂറുകണക്കിന് മലയാളികളുടെ യാത്ര ദുരിതത്തിലായി. സാങ്കേതിക പ്രശ്നമാണ് വിമാനം വൈകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ഇന്നലെ രാവിലെ 8ന് ദുബായിൽ എത്തേണ്ട കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഉച്ചയ്ക്ക് 12.45നാണ് എത്തിയത്.
ഈ വിമാനത്തിൽ തിരിച്ചുപോകേണ്ടവരും 6 മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി. ഇന്നലെ വൈകിട്ട് 5ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനം ഒന്നര മണിക്കൂർ വൈകി 6.30നാണ് പുറപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 8.45ന് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കു പുറപ്പെടേണ്ട വിമാനം 11 മണിക്കൂർ വൈകിയത് യാത്രക്കാരെ അനിശ്ചിതത്വത്തിലാക്കി. ഒടുവിൽ ശനിയാഴ്ച രാവിലെ 7.45നാണ് പുറപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ട് 7.55ന് ദുബായിൽനിന്ന് തിരുച്ചിറപ്പള്ളിക്കു പോകേണ്ട വിമാനം ഇന്നലെ ഉച്ചയ്ക്ക് 12.45നാണ് പുറപ്പെട്ടത്. ചെക്ക് ഇൻ തുടങ്ങാൻ വൈകുന്നത് ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് വിമാനം വൈകുന്ന വിവരം യാത്രക്കാർ അറിയുന്നത്. വ്യക്തമായ വിവരം യാത്രക്കാരെ അറിയിക്കാത്തത് പലപ്പോഴും ബഹളത്തിന് കാരണമാകാറുണ്ട്. മരണം, വിവാഹം, ചികിത്സ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലേക്കു പുറപ്പെട്ടവരും വീസ കാലാവധി കഴിഞ്ഞ് തിരിച്ചുപോകുന്നവരും ഇക്കൂട്ടത്തിലുണ്ട്. വൈകുന്ന വിമാനത്തിലെ യാത്രക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നില്ലെന്നും പരാതികളുയർന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല