സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് കണ്ണൂരിലേക്ക് കൂടുതൽ സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇയിലെ റാസൽഖൈമ, സൗദിയിലെ ദമാം എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസ് ആരംഭിച്ചത്. അബുദാബി, മസ്കത്ത് എന്നിവിടങ്ങളിൽനിന്ന് കണ്ണൂരിലേക്കുള്ള സേവനവും കൂട്ടി.
റാസൽഖൈമയിൽ നിന്ന് കണ്ണൂരിലേക്ക് മേയ് ഒന്നിന് പുതിയ സർവീസ് ആരംഭിക്കുകയും അബുദാബിയിൽനിന്ന് 4 സർവീസുകൾ കൂട്ടുകയും ചെയ്തതോടെ പുതുതായി യുഎഇയിൽനിന്ന് കണ്ണൂരിലേക്ക് ആഴ്ചയിൽ 1302 സീറ്റുകൾ വർധിച്ച് 6138 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമായി. നേരത്തെ 4836 പേർക്കായിരുന്നു അവസരം.
ചൊവ്വ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് റാസൽഖൈമ–കണ്ണൂർ സർവീസ്. രാത്രി 9.45ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 3.10ന് കണ്ണൂരിൽ ഇറങ്ങും. ഓഫിസ് കഴിഞ്ഞ് വിമാനം കയറാവുന്ന സമയക്രമമായതിനാൽ യാത്രയ്ക്കായി ഒരു ദിവസം ലീവെടുക്കുന്നതും ഒഴിവാക്കാം.
റാസൽഖൈമയിൽനിന്ന് ലക്നൗവിലേക്കുള്ള സർവീസ് വ്യാഴാഴ്ച തുടങ്ങി. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ രാവിലെ 11.55ന് പുറപ്പെട്ട് വൈകിട്ട് 5.15ന് ഇന്ത്യയിൽ എത്തുംവിധമാണ് സമയക്രമം. അബുദാബിയിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ സെക്ടറിലേക്കും മസ്കത്തിൽനിന്ന് കണ്ണൂരിലേക്കുമുള്ള സർവീസ് ബുധനാഴ്ച മുതൽ വർധിപ്പിച്ചിരുന്നു.
ദമാമിൽനിന്ന് കണ്ണൂരിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ആഴ്ചയിൽ 3 സർവീസുണ്ട്. കണ്ണൂരിൽനിന്ന് കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് തുടങ്ങാനുള്ള തയാറെടുപ്പിലാണ് എയർ ഇന്ത്യ എക്സ്പ്രസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല