സ്വന്തം ലേഖകൻ: ഓണം ആഘോഷമാക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. എയര്‍ലൈനിന്റെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയില്‍ ടെയില്‍ ആര്‍ട്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഓണം പ്രതീതിയിലാണ് കസവ് വിമാനം ബുധനാഴ്ച കൊച്ചിയില്‍ പറന്നിറങ്ങിയത്. വിമാനത്ത വരവേല്‍ക്കാനായി കസവ് വസ്ത്രങ്ങളണിഞ്ഞാണ് ക്യാബിന്‍ ക്രൂ ഒഴികെയുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ എത്തിയത്. വിമാനത്തിന്റെ ചിറകുകള്‍ക്കടിയിലും ചെക്ക് ഇന്‍ കൗണ്ടറുകള്‍ക്ക് മുന്നിലും അത്തപ്പൂക്കളവും ഒരുക്കിയിരുന്നു.
കൂടാതെ ബാംഗ്ലൂരിലേക്കുള്ള ഈ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവരെ കസവ് ഷാള്‍ അണിയിച്ച് സ്വീകരിച്ചതും യാത്രക്കാര്‍ക്ക് നവ്യാനുഭവമായി. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. 2023 ഒക്ടോബറില്‍ പുതിയ ബ്രാന്‍ഡ് അവതരിപ്പിച്ച ശേഷം എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളീറ്റിലേക്ക് 34 പുതിയ വിമാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഈ വിമാനങ്ങളിലെല്ലാം വിവിധ പ്രദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ടെയില്‍ ആര്‍ട്ടുകളാണുള്ളത്. കേരളത്തിന്റെ കസവ്, തമിഴ്നാടിന്റെ കാഞ്ചീപുരം, ആന്ധ്രാ പ്രദേശിന്റെ കലംകാരി, മധ്യപ്രദേശിലെ ചന്ദേരി തുടങ്ങിയവയാണ് വിവിധ വിമാനങ്ങളുടെ ടെയില്‍ ആര്‍ട്ടിലുള്ളത്. 85 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്.
കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നായി 300 വിമാന സര്‍വീസുകളാണ് ആഴ്ച തോറും എയര്‍ ഇന്ത്യ എക്സ്പ്രസിനുള്ളത്. കൊച്ചിയില്‍ നിന്നും 102, തിരുനന്തപുരത്ത് നിന്നും 63, കോഴിക്കോട് നിന്നും 86, കണ്ണൂരില്‍ നിന്നും 57 എന്നിങ്ങനെയാണ് വിമാന സര്‍വീസുകളുടെ എണ്ണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല