1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2024

സ്വന്തം ലേഖകൻ: 883 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് അതിന്റെ ഏറ്റവും വലിയ സ്പ്ലാഷ് സെയില്‍ ആരംഭിച്ചു. 2024 സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്കായി ജൂണ്‍ 28 വരെ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളാണ് 883 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കില്‍ ലഭിക്കുക. മറ്റ് ബുക്കിങ് ചാനലുകളിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ 1096 രൂപ മുതലുള്ള എക്സ്പ്രസ് വാല്യൂ നിരക്കിലും ലഭിക്കും.

വെബ്സൈറ്റിലൂടെ ബുക്ക് ചെയ്ത് ചെക്ക് ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ പ്രത്യേക ഡിസ്‌ക്കൗണ്ട് ലഭിക്കും. എക്സ്പ്രസ് ലൈറ്റ് നിരക്കുകളില്‍ 3 കിലോ അധിക ക്യാബിന്‍ ബാഗേജ് സൗജന്യമായും ലഭിക്കും. കൂടുതല്‍ ലഗേജ് ഉള്ളവര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ ചെക്ക് ഇന്‍ ബാഗേജിന് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോയ്ക്ക് 1300 രൂപയുമാണ് ഈടാക്കുക.

വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ലോയല്‍റ്റി അംഗങ്ങള്‍ക്ക് 100 മുതല്‍ 400 രൂപ വരെ പ്രത്യേക കിഴിവിന് പുറമേ 8 ശതമാനം വരെ ന്യൂ കോയിനുകള്‍, 50 ശതമാനം കിഴിവില്‍ ബിസ്, പ്രൈം സീറ്റുകള്‍, 25 ശതമാനം കിഴിവില്‍ ഗോര്‍മേര്‍ ഭക്ഷണം, 33 ശതമാനം കിഴിവില്‍ പാനീയങ്ങള്‍ എന്നിവയും ലഭിക്കും. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ചെറുകിട ഇടത്തരം സംരംഭകര്‍, ഡോക്ടര്‍, നഴ്സ്, സായുധ സേനാംഗങ്ങള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്കും വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്പിലൂടെയും പ്രത്യേക കിഴിവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

ബിസിനസ് ക്ലാസിന് തത്തുല്യമായ എക്സ്പ്രസ് ബിസ് നിരക്കുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ പുതിയ ബോയിംഗ് 737-8 വിമാനങ്ങളിലും ലഭ്യമാണ്. മികച്ച യാത്രാ അനുഭവത്തിനായി 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള എക്സ്പ്രസ് ബിസ് വിഭാഗത്തിലേക്ക് ടിക്കറ്റ് മാറ്റുന്നതിനും അവസരമുണ്ട്. 2023 ഒക്ടോബറിന് ശേഷം ഉള്‍പ്പെടുത്തിയ 20 ലധികം പുതിയ വിമാനങ്ങളില്‍ 4 മുതല്‍ 8 വരെ ബിസ് ക്ലാസ് സീറ്റുകളുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.