സ്വന്തം ലേഖകൻ: നൂറുകണക്കിനു വിമാനങ്ങളാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് ദിവസവും പറന്നുയരുന്നത്. തിങ്കളാഴ്ചയും അങ്ങനെതന്നെ. പക്ഷേ, അതില്‍ ഒരെണ്ണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. രണ്ടു നിലകളിലായുള്ള, ഇന്ത്യയിലെ എണ്ണം പറഞ്ഞ വലിയ ജംബോജെറ്റ് വിമാനങ്ങളിലൊന്നായിരുന്നു അത്. പറന്നുയര്‍ന്ന് ഉടന്‍ ആദ്യം ഇടത്തേക്കൊന്നു ചെരിഞ്ഞു. പിന്നെ വലത്തേക്കും. അതിനുശേഷം നേരെ പറന്നുയര്‍ന്ന് ആകാശത്തില്‍ അപ്രത്യക്ഷമായി.
ഈ വിമാനത്തിന് യാത്ര പറഞ്ഞ് എയര്‍ ഇന്ത്യയിലെ ഒരുപറ്റം ജീവനക്കാര്‍ താഴെ കൈവീശിക്കൊണ്ടിരുന്നു. ‘ആകാശത്തിലെ രാജ്ഞിക്ക്’ ഉപചാരപൂര്‍വമുള്ള യാത്രയയപ്പ്. പൊളിച്ച് ഘടകഭാഗങ്ങള്‍ എടുക്കുന്നതിനായി അമേരിക്കയിലെ പ്ലെയിന്‍ ഫീല്‍ഡിലേക്കാണ് വിമാനം കൊണ്ടുപോയത്. എയർ ഇന്ത്യയുടെ അഭിമാനമായിരുന്നു ബോയിങ് 747- 400 വിഭാഗത്തിലുള്ള ഈ വിമാനം. അവശേഷിച്ച നാലു വിമാനങ്ങളിൽ, ‘ആഗ്ര’ എന്നു വിളിപ്പേരുള്ള ബി 747 വിമാനത്തിന്റെ ഇന്ത്യയിലെ അവസാനയാത്രയായിരുന്നു അത്.
നാലു ദശാബ്ദത്തോളം എയർ ഇന്ത്യയുടെ ഭാഗമായിരുന്നു. പല രാഷ്ട്രപതിമാരുടെയുടെയും പ്രധാനമന്ത്രിമാരുടെയും വിദേശയാത്രകളിൽ ഒപ്പമുണ്ടായിരുന്നു. യുദ്ധമുഖങ്ങളിൽനിന്ന് ഒട്ടേറെപ്പേരെ തിരികെ വീട്ടിലെത്തിക്കാനും പ്രതീക്ഷകൾ നൽകാനും ഈ ചിറകുകൾ കൂട്ടുനിന്നു. നാലുവിമാനങ്ങളും 1993-96 കാലത്താണ് എയർ ഇന്ത്യയുടെ ഭാഗമായത്. 2021 മാർച്ചിലായിരുന്നു ആഗ്രയുടെ അവസാന സർവീസ്. ഡൽഹിയിൽനിന്ന് മുംബൈയിലേക്ക്. അമേരിക്കൻ കമ്പനിയായ എയർസെയിലാണ് ഈ വിമാനങ്ങൾ വാങ്ങിയത്.
2022-ൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ രജിസ്ട്രേഷൻ പിൻവലിച്ച വിമാനം ഹോംഗ്രൗണ്ടായ മുംബൈയിൽ പൊടിപിടിച്ചുകിടക്കുകയായിരുന്നു. ഓർമ്മയ്ക്കായി മ്യൂസിയത്തിലേക്കു മാറ്റണമെന്ന് നിർദേശങ്ങളുണ്ടായിരുന്നു. ലാഭകരമല്ലാത്തതിനാലാണ് ജംബോ ജെറ്റ് വിമാനങ്ങൾ ഒഴിവാക്കാൻ എയർ ഇന്ത്യ തീരുമാനിച്ചത്. ഇന്ധനക്ഷമത കൂടിയ പുതിയവിമാനങ്ങളെ അപേക്ഷിച്ച് പ്രവർത്തനച്ചെലവും കൂടുതലാണ് 40 വർഷത്തോളം പഴക്കമുള്ള ഈ ജംബോ ജെറ്റുകൾക്ക്. വ്യോമയാന മേഖല കൂടുതൽ ഇന്ധനക്ഷമമാകുന്നതിനും പരിസ്ഥിതി സൗഹൃദമാകുന്നതിനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇതും ജംബോ ജെറ്റുകൾ ഒഴിവാക്കാൻ കാരണമായിട്ടുണ്ട്. ‘പ്രതീകാത്മകമായ ആ സാന്നിധ്യം അവസാനിക്കുകയാണെ’ന്നാണ് ഇതേക്കുറിച്ച് എയർ ഇന്ത്യ പ്രതികരിച്ചത്. ഈ ശ്രേണിയിലെ രണ്ടാം വിമാനവും അധികം വൈകാതെ മുംബൈ വിടും. മറ്റു രണ്ടെണ്ണം ഇന്ത്യയിൽത്തന്നെ പൊളിക്കാനാണ് സാധ്യത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല