സ്വന്തം ലേഖകൻ: കുവൈത്ത്-കോഴിക്കോട് സെക്ടറിൽ വീണ്ടും എയർഇന്ത്യ എക്സ്പ്രസിന്റെ ഒളിച്ചുകളി. വ്യാഴാഴ്ച കുവൈത്തിൽ നിന്നു കോഴിക്കോട്ടേക്കുള്ള വിമാനം യാത്രക്കാരെ മണിക്കൂറുകൾ വട്ടംകറക്കിയതിനു ശേഷം റദ്ദാക്കി. ഉച്ചക്ക് 12.40ന് പുറപ്പെടേണ്ട വിമാനമാണ് യാത്രക്കാർ വിമാനത്തിൽ കയറിയ ശേഷം റദ്ദാക്കിയത്. യാത്രക്കാർ മുഴുവൻ കയറിയതിന് ശേഷം പുറപ്പെടുന്നതിനായി റൺവേയിലേക്ക് നീങ്ങിയ വിമാനം ഉടൻ നിർത്തുകയായിരുന്നു. തുടർന്ന് ടെക്നിക്കൽ പ്രശ്നമാണെന്നും ഉടൻ ശരിയാക്കുമെന്നും യാത്രക്കാരെ അറിയിച്ചു.
എന്നാൽ മുന്നുമണിക്കൂർ കാത്തിരുന്നിട്ടും പ്രശ്നം പരിഹരിക്കപ്പെട്ടില്ല. ഇതിനിടെ വിമാനത്തിലെ എ.സി ഓഫാക്കിയത് കനത്ത ചൂടിൽ യാത്രക്കാരെ തളർത്തി. മണിക്കൂറുകൾക്കു ശേഷവും പ്രശ്നം പരിഹരിക്കപ്പെടാത്തതിനാൽ പിന്നീട് യാത്രക്കാരെ ഹോട്ടൽ മുറിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് പുറപ്പെടേണ്ട വിമാനം വെള്ളിയാഴ്ച വൈകീട്ട് ആറിനാണ് പുറപ്പെടുക്കുക എന്നാണ് നിലവിൽ യാത്രക്കാർക്ക് കിട്ടിയ വിവരം. അവധിയും പെരുന്നാളും കണക്കിലെടുത്ത് സ്ത്രീകളും കുട്ടികളുമടക്കം വിമാനത്തിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. യാത്ര വൈകിയത് ഇവരെ ദുരിതത്തിലാക്കി. അടിയന്തിരമായി നാട്ടിൽ എത്തേണ്ടവർക്കും വിമാനം മുടങ്ങിയത് തിരിച്ചടിയായി.
രണ്ടാഴ്ച മുമ്പും കുവൈത്ത്-കോഴിക്കോട് എയർഇന്ത്യ എക്സ്പ്രസ് മണിക്കൂറുകൾ വൈകിയിരുന്നു. എന്നാൽ വൈകാതെ പ്രശ്നം പരിഹരിച്ച് യാത്ര നടന്നു. കഴിഞ്ഞ മാസം എട്ട്, ഒമ്പത് ദിവസങ്ങളിൽ എയർഇന്ത്യ ജീവനക്കാർ നടത്തിയ സമരം ആ ദിവസങ്ങളിലെ യാത്രക്കാരെ സാരമായി ബാധിച്ചിരുന്നു. തുടർന്ന് സംഭവിച്ച സർവിസിലെ താളപ്പിഴകൾ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽ നിന്ന് എയർഇന്ത്യഎക്സ്പ്രസ് മാത്രമാണ് നേരിട്ട് സർവിസ് നടത്തുന്നത് എന്നതിനാൽ മലബാർ പ്രവാസികൾ രൂക്ഷമായ യാത്രാപ്രശ്നമാണ് നേരിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല