സ്വന്തം ലേഖകൻ: ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ വിമാനം 20 മണിക്കൂറിലേറെ സമയം വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാനവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാന്‍ എയര്‍ ഇന്ത്യയോട് വ്യോമായന വകുപ്പ് ആവശ്യപ്പെട്ടു.
മറുപടി നല്‍കാന്‍ മൂന്ന് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ വിമാനം വൈകിയെന്നായിരുന്നു എയര്‍ ഇന്ത്യയുടെ പ്രാഥമിക അറിയിപ്പ്. പ്രശ്‌നം പരിഹരിച്ചപ്പോള്‍ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട പ്രതിസന്ധിയുണ്ടായെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചിരുന്നു.
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് വ്യാഴാഴ്ച പുറപ്പെടേണ്ടിയിരുന്ന എഐ 183 വിമാനമാണ് വൈകിയത്. യാത്രക്കാര്‍ കയറിയ ശേഷം വിമാനം പുറപ്പെടാന്‍ വൈകുകയായിരുന്നു. കാത്തിരുന്ന യാത്രക്കാരില്‍ പലരും കുഴഞ്ഞുവീണു. ഡൽഹിയിലെ ചൂട് 50 ഡിഗ്രി സെൽഷ്യസിനും മേലെയായിരുന്നു.
വിമാനത്തിനുള്ളില്‍ എ സി പ്രവര്‍ത്തിക്കാതായതോടെയാണ് യാത്രക്കാരില്‍ പലരും കുഴഞ്ഞു വീണത്. തുടര്‍ന്ന് വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തേക്കിറക്കി. വ്യാഴാഴ്ച്ച അര്‍ധരാത്രിയോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. രാവിലെ എട്ടുമണിക്ക് വിമാനത്താവളത്തില്‍ തിരിച്ചെത്തണമെന്നാണ് യാത്രക്കാരോട് നിര്‍ദേശിച്ചത്. എന്നാല്‍ രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട് തിരിച്ച് ഹോട്ടലിലേക്ക് തന്നെ മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല