സ്വന്തം ലേഖകൻ: മലയാളികൾ ഉൾപ്പെടെ യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ വെള്ളിയാഴ്ചയിലെ ഷെഡ്യൂൾ. ദോഹയിൽനിന്നും കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്നും ദോഹയിലേക്കും വെള്ളിയാഴ്ച പുറപ്പെടേണ്ടിയിരുന്ന യാത്രക്കാരാണ് വിമാനം വൈകിയതു കാരണം യാത്രാദുരിതം നേരിട്ടത്.
നാട്ടിൽനിന്നും വിമാനം സമയത്തിന് ദോഹയിലെത്താതായതോടെ തിരികെയുള്ള യാത്രയും അനിശ്ചിതമായി വൈകി. കോഴിക്കോട്നിന്നും രാവിലെ 8.45ന് പറന്നുയരേണ്ട ഐ.എക്സ് 375 വിമാനം രാത്രി 6.38നാണ് പുറപ്പെട്ടത്. ഇതേ തുടർന്ന് വെള്ളിയാഴ്ച രാവിലെ 11.50ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഐ.എക്സ് 376 വിമാനം അനിശ്ചിതമായി വൈകിയത് യാത്രക്കാരെ വലച്ചു.
നേരത്തേ അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ രാവിലെ വിമാനത്താവളത്തിലെത്തിയ യാത്രക്കാരാണ് ദുരിതത്തിലായത്. ഒടുവിൽ രാത്രി ഒമ്പതു മണിക്കു ശേഷമാണ് ഈ വിമാനം ഷെഡ്യൂൾ ചെയ്തത്.
വെള്ളിയാഴ്ചത്തെ കണ്ണൂർ-ദോഹ ഐ.എക്സ് 773 വിമാനം രാത്രി 7.15നാണ് കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്നത്. എന്നാൽ, വിമാനം ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ഷെഡ്യൂൾ ചെയ്തത്.
ഇതുകാരണമാണ്, വെള്ളിയാഴ്ച രാത്രി 10.20ന് ദോഹയിൽ നിന്നും പുറപ്പെടേണ്ട ഐ.എക്സ് 774 വിമാനത്തിന്റെ യാത്ര ശനിയാഴ്ച രാവിലെ ആറു മണിയിലേക്ക് റീ ഷെഡ്യൂൾ ചെയ്തത്. യാത്രക്കാർക്ക് നേരത്തേ അറിയിപ്പ് ലഭിച്ചതിനാൽ വിമാനത്താവളത്തിലെ കാത്തിരുന്ന് വലയേണ്ടി വന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല