സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ ദോഹയില്‍ നിന്നും മുംബൈയിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നു. ആഴ്ച്ചയില്‍ മൂന്ന് ദിവസങ്ങളിലായി തുടങ്ങുന്ന പുതിയ സര്‍വീസിനുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ ആഴ്ച്ചയില്‍ അഞ്ച് ദിവസം എയര്‍ഇന്ത്യ എക്സ്പ്രസ് ദോഹ മുംബൈ സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്.
വരുന്ന ഫെബ്രുവരി 21 മുതലാണ് ദോഹ മുംബൈ സെക്ടറില്‍ എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ് ആരംഭിക്കുക. വെള്ളി, ഞായര്‍, ചൊവ്വ എന്നീ ദിവസങ്ങളിലായി ആഴ്ച്ചയില്‍ മൂന്ന് സര്‍വീസുകളാണുണ്ടാവുക. ഈ ദിവസങ്ങളില്‍ ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകീട്ട് 6.45നാണ് വിമാനം മുംബൈയിലെത്തിച്ചേരുക.
മുംബൈയില്‍ നിന്ന് രാവിലെ 10.20ന് പുറപ്പെടുന്ന വിമാനം ഖത്തരി സമയം ഉച്ചയ്ക്ക് 11.15ന് ദോഹയിലെത്തും. വേനല്‍കാല സീസണിന്‍റെ തുടക്കമായതിനാല്‍ മാര്‍ച്ച് അവസാനത്തോടെ സര്‍വീസിന്‍റെ സമയത്തില്‍ മാറ്റമുണ്ടാകും.
ദോഹയില്‍ നിന്നും മുബൈയിലേക്കുള്ള ടിക്കറ്റിന് 735 ഖത്തരി റിയാലും മുംബൈയില്‍ നിന്നും ദോഹയിലേക്ക് 785 ഖത്തരി റിയാലുമാണ് ഇപ്പോഴത്തെ നിരക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല