സ്വന്തം ലേഖകൻ: പതിറ്റാണ്ടുകളുകളുടെ ആകാശ കഥകൾ പറയാനുള്ള മസ്കത്തിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ എയർ ഇന്ത്യ നിർത്തി. കഴിഞ്ഞദിവസം മസ്കത്തിൽനിന്ന് ഡൽഹിയിലേക്കുള്ള വിമാനം പറന്നുയർന്നതോടെ ഒരു കാലഘട്ടം അവസാനിച്ചു. ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, മുംബൈ, ഡൽഹി എന്നീ സെക്ടറുകളിലേക്കാണ് മസ്കത്തിൽനിന്ന് എയർ ഇന്ത്യക്ക് സർവിസുണ്ടായിരുന്നത്.
എന്നാൽ ടാറ്റ എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം ഒന്നൊന്നായി സർവിസുകൾ നിർത്തുകയായിരുന്നു. മസ്കത്തിൽനിന്നുള്ള ഹൈദരാബാദ് സർവിസാണ് ആദ്യം നിർത്തിയത്. പിന്നീട് മസ്കത്ത്-ചെന്നൈ സർവിസും മസ്കത്ത്-ബംഗളൂരു സർവിസും നിർത്തലാക്കി. അടുത്തിടെയാണ് മസ്കത്ത്-മുംബൈ സർവിസുകളും അവസാന വിമാനവും അവസാനിപ്പിച്ചത്.
മസ്കത്തിൽനിന്നും ഡൽഹിയിലേക്കുള്ള അവസാന വിമാനവും കഴിഞ്ഞദിവസം പറന്നു യർന്നതോടെ എയർ ഇന്ത്യയും ഓർമയാവുകയാണ്. എയർ ഇന്ത്യയുടെ മസ്കത്തിലെ ഓഫിസ് നേരത്തേ അടച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്പ്രസും ഒരു ഓഫിസിലായരുന്നു പ്രവർത്തിച്ചിരുന്നത്. ഇനി ഓഫിസ് എയർ ഇന്ത്യ എക്പ്രസിനു മാത്രമാവും. സർവിസുകൾ നിർത്തിയെങ്കിലും എല്ലാ സെക്ടറിലേക്കും എയർ ഇന്ത്യ എക്പ്രസ് സർവിസ് നടത്തിയേക്കുമെന്നാണ് കരുതുന്നത്.
പ്രവാസികൾക്ക് ഗൃഹാതുരത്വമുള്ള ഓർമകളാണ് എയർ ഇന്ത്യ. ആദ്യകാലത്ത് മസ്കത്തിൽനിന്ന് എയർ ഇന്ത്യ മാത്രമാണ് സർവിസ് നടത്തിയിരുന്നത്. മസ്കത്ത്-മുംബൈ സർവിസാണ് ഇതിൽ പ്രധാനപ്പെട്ടത്. തിരുവനന്തപുരം സർവിസ് തുടങ്ങുന്നതിനുമുമ്പ് മലയാളികളടക്കമുള്ളവർ മുംബൈ വഴിയാണ് നാടണഞ്ഞിരുന്നത്. നാട്ടിൽനിന്ന് ബസ് വഴിയും തീവണ്ടി വഴിയും മുംബൈയിലെത്തി മസ്കത്തിലെത്തിയവരാണ് ആദ്യ കാല പ്രവാസികൾ. മസ്കത്തിൽനിന്ന് തിരിച്ചുപോവുന്നതും ഇങ്ങനെ തന്നെയായിരുന്നു.
എയർ ഇന്ത്യ എക്പ്രസ് സർവിസ് ആരംഭിക്കുന്നതിനുമുമ്പ് തിരുവനന്തപുരത്തുനിന്ന് മസ്കത്തിലേക്കും മസ്കത്തിൽനിന്ന് തിരുവന്തപുരത്തേക്കും എയർ ഇന്ത്യയാണ് സർവിസ് നടത്തിയിരുന്നത്.
എന്നാൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ സാങ്കേതിക സൗകര്യമില്ലാത്തതിനാൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഇന്ത്യൻ എയർലൈൻസിന്റെ വിമാനങ്ങളാണ് സർവിസ് നടത്തിയിരുന്നത്. തൃശൂർ മുതൽ തെക്കോട്ടുള്ള യാത്രക്കാർ എയർ ഇന്ത്യയിലാണ് പറന്നിരുന്നത്. വലിയ വിമാനമായതിനാൽ നിരവധിപേർക്ക് യാത്ര ചെയ്യാൻ കഴിയുകയും ചെയ്തിരുന്നു. അതൊക്കെ എയർ ഇന്ത്യയുടെ പ്രതാപകാലമായിരുന്നു.
എന്നാൽ 2005 ഏപ്രിലിൽ എയർ ഇന്ത്യ എക്പ്രസ് ആരംഭിച്ചതോടെ എയർ ഇന്ത്യയുടെ പ്രതാപം കുറയുകയായിരുന്നു. ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ് പ്രസ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവിസുകൾ ആരംഭിച്ചത്. ഇതോടെ തിരുവനന്തപുരം സർവിസ് നിലക്കുകയായിരുന്നു.
പിന്നീട് എയർ ഇന്ത്യ എക്സ് പ്രസുകൾ മസ്കത്തിൽനിന്ന് ഇന്ത്യൻ സെക്ടറിലേക്ക് സർവിസുകൾ വർധിപ്പിക്കുകയും എയർ ഇന്ത്യ ഡൽഹി, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങിൽ ഒതുങ്ങുകയുമായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ ഈ നാല് സർവിസുകൾ നിർത്തിയിരുന്നു. ഇന്നലെയോടെ മസ്കത്തിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ ഓർമയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല