1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2018

സ്വന്തം ലേഖകന്‍: മെച്ചപ്പെട്ട ഭക്ഷണവും സൗകര്യങ്ങളുമായി മഹാരാജ ഡയറക്ട്; പുതിയ പ്രീമിയം ക്ലാസുമായി മുഖം മിനുക്കി എയര്‍ ഇന്ത്യ. രാജ്യാന്തര സര്‍വീസുകളിലെ ഭക്ഷണത്തിലും ജീവനക്കാരുടെ യൂണിഫോമിലും തുടങ്ങി സേവനങ്ങളാകെ പരിഷ്‌കരിച്ചാണു എയര്‍ ഇന്ത്യ പുതിയ പ്രീമിയം ക്ലാസ് അവതരിപ്പുക്കുന്നത്. ബോയിങ് വിമാനങ്ങളിലായിരിക്കും ഈ മാറ്റം.

ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളാണു പുതിയ പ്രീമിയം ക്ലാസായ മഹാരാജ ഡയറക്ടില്‍ ഒരുക്കിയിട്ടുള്ളത്. വിമാനത്തിന്റെ ഉള്‍ഭാഗം പൂര്‍ണമായും നവീകരിച്ചു. യാത്രക്കാര്‍ക്കു മെച്ചപ്പെട്ട നിശാവസ്ത്രം, കണ്ണിനു കുളിര്‍മയേകുന്ന തിരശ്ശീലകള്‍, കമ്പിളിപ്പുതപ്പുകള്‍, യാത്രാകിറ്റുകള്‍ എന്നിവ ലഭിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. പാരമ്പര്യവും പാശ്ചാത്യവും ഇടകലര്‍ന്ന ശൈലിയിലുള്ള പുതിയ യൂണിഫോമാകും ജീവനക്കാര്‍ ധരിക്കുക.

സ്വാദേറിയ വിഭവങ്ങളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയതും അല്ലാത്തതുമായ പ്രാദേശിക മദ്യവും ലഭ്യമാകും. നിരക്കുകളില്‍ മാറ്റം കൂടാതെയാണു പുതിയ സേവനങ്ങള്‍ ഒരുക്കിയിട്ടുള്ളതെന്ന് എവിയേഷന്‍ സെക്രട്ടറി ആര്‍.എന്‍.ചൗബോ വ്യക്തമാക്കി. പുതിയ മാറ്റങ്ങളിലൂടെ 20 ശതമാനം വരുമാന വര്‍ധനയാണു ലക്ഷ്യമിടുന്നത്. നഷ്ടത്തിലോടുന്ന എയര്‍ ഇന്ത്യ വില്‍ക്കാനുള്ള ശ്രമം സര്‍ക്കാര്‍ തല്‍ക്കാലം മരവിപ്പിച്ച ആഴ്ച തന്നെയാണു പ്രീമിയം ക്ലാസിനു പുതിയ മുഖം നല്‍കിയുള്ള പരീക്ഷണവും തുടങ്ങിയത്.

ബിസിനസ്, ഫസ്റ്റ് ക്ലാസുകളിലെ 60 ശതമാനം സീറ്റുകള്‍ മാത്രമാണു നിലവില്‍ രാജ്യാന്തര സര്‍വീസുകളില്‍ ഉപയോഗിക്കുന്നത്. ഇത് 80 ശതമാനമായി ഉയര്‍ത്തും. യുഎസ് പോലെയുള്ള രാജ്യങ്ങളിലേക്കു സര്‍വീസ് നടത്തുന്ന ബോയിങ് 777 വിമാനങ്ങളില്‍ പുതുക്കിയ പ്രീമിയം ക്ലാസ് ജൂലൈ അവസാനത്തോടെ നിലവില്‍ വരും. യൂറോപ്പിലേക്കു കൂടുതല്‍ സേവനം നടത്തുന്ന ബോയിങ് 787 വിമാനങ്ങളില്‍ ഈ സേവനം നടപ്പിലാക്കാന്‍ ഒരു മാസം കൂടി കാലതാമസമെടുക്കുമെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖരോല അറിയിച്ചു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.