സ്വന്തം ലേഖകൻ: ഇസ്രയേൽ-ഹമാസ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകളുടെ താത്കാലിക വിലക്ക് നീട്ടി എയർഇന്ത്യ. ടെൽ അവീവിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ സസ്പെൻഷൻ നവംബർ രണ്ടു വരെയാണ് നീട്ടിയത്. സാധാരണയായി, എയർഇന്ത്യ ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് ദിവസം സർവീസുകൾ നടത്താറുണ്ട്. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലാണ് സർവീസ്.
അതേസമയം ഗാസയിൽ അടിയന്തരമായി ഇന്ധനമെത്തിച്ചില്ലെങ്കിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിവരുമെന്ന് യുഎൻ ഏജൻസി. ഗാസയിലെ ആശുപത്രികളിൽ ഗുരുതര കേസുകളിൽ മാത്രമേ ചികിത്സ ലഭ്യമാകുന്നുള്ളൂ. ഇന്ധനമില്ലാത്തതുമൂലം പ്രധാന ആശുപത്രികളുടെയെല്ലാം പ്രവർത്തനം നിലച്ചമട്ടാണ്. ഗാസയിൽ ഹമാസിനെതിരേ ഇസ്രയേൽ ബോബാക്രമണം കടുപ്പിച്ചു. 6,500 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 150 ദുരിതാശ്വാസ ക്യാന്പുകളിലായി ആറു ലക്ഷം പേരാണു കഴിയുന്നത്.
ഇതിനിടെ, മധ്യസ്ഥശ്രമവുമായി ഖത്തർ രംഗത്തുണ്ട്. ഖത്തർ പ്രധാനമന്ത്രി ഷേക്ക് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനിയുടെ മധ്യസ്ഥതയിലാണ് നാലു ബന്ദികളെ ഹമാസ് വിട്ടയച്ചത്. 222 പേരെയാണു തട്ടിക്കൊണ്ടുപോയത്. ഹമാസ് തീവ്രവാദികൾ ഇന്നലെയും ഇസ്രയേലിലേക്കു റോക്കറ്റ് ആക്രമണം നടത്തി. വെസ്റ്റ് ബാങ്കിലും സംഘർഷം രൂക്ഷമാണ്.
വെസ്റ്റ് ബാങ്കിൽ ഇതുവരെ 102 പേരാണു കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടുവെന്നു സിറിയ അറിയിച്ചു. ഹിസ്ബുള്ള, ഹമാസ്, പലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനകളിലെ നേതാക്കൾ ഇന്നലെ കൂടിക്കാഴ്ച നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല