സ്വന്തം ലേഖകന്‍: നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക്, യാത്രക്കാരെ ആകര്‍ഷിക്കാന്‍ പരക്കംപാഞ്ഞ് എയര്‍ഇന്ത്യ, ടിക്കറ്റ് നിരക്ക് കുറക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അശ്വിനി ലോഹാനി എല്ലാ എയര്‍ഇന്ത്യ യൂണിറ്റുകളില്‍നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2022 ഓടെ എയര്‍ ഇന്ത്യയുടെ നഷ്ടം പൂര്‍ണമായും ഇല്ലാതാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം.
നിലവിലെ പ്രശ്‌നങ്ങളില്‍ എങ്ങനെ യാത്രക്കാര്‍ക്ക് സഹായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളാം എന്നതാണ് എയര്‍ ഇന്ത്യ പരിശോധിക്കുന്നത്. ആവശ്യമെങ്കില്‍ ടിക്കറ്റ് നിരക്കുകളില്‍ ഇളവുനല്‍കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അങ്ങനെയെങ്കില്‍ ഗള്‍ഫ് മേഖലയിലെ യാത്രക്കാര്‍ക്കാണ് കൂടുതലായും അതിന്റെ ഗുണം ലഭിക്കുക.
വിമാനങ്ങള്‍ റദ്ദാക്കുന്നതും യാത്ര മുടങ്ങുന്നതും അനിശ്ചിതമായി വൈകുന്നതുമാണ് യാത്രക്കാരെ എയര്‍ഇന്ത്യയില്‍ നിന്ന് അകറ്റിയത്. ഇതു മൂലം 20 ശതമാനത്തോളം യാത്രക്കാരെയാണ് എയര്‍ ഇന്ത്യക്ക് നഷ്ടമായത്. രാജ്യത്ത് ഓരോ മൂന്നു മിനുട്ടിലും ഒരു എയര്‍ ഇന്ത്യ വിമാനം വൈകുന്നു എന്നാണ് കണക്ക്.
കനത്ത നഷ്ടത്തിലായതിനാല്‍ ജീവനക്കാരുടെ യാത്രയ്ക്ക് പ്രത്യേക ആഡംബര വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെയും അത്യാഡംബര ഹോട്ടലുകളില്‍ താമസിക്കുന്നതും വിലക്കിയിട്ടുണ്ട്. വിമാനം വൈകിയതിനാല്‍ മാത്രം ഇക്കഴിഞ്ഞ അഞ്ചുമാസത്തിനിടെ ദേശീയ വിമാനക്കമ്പനിക്ക് മൂന്നുകോടി രൂപയാണ് യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല