സ്വന്തം ലേഖകൻ: ടാറ്റാ ഗ്രൂപ്പും സിങ്കപ്പൂര്‍ എയര്‍ലൈന്‍സും സഹകരിച്ചുള്ള ‘വീസ്താര’ എയര്‍ ഇന്ത്യയില്‍ ലയിച്ചതോടെ ഇനി രാജ്യത്ത് അവശേഷിക്കുന്നത് എല്ലാത്തരം സേവനങ്ങളും നല്‍കുന്ന ഒരു ഫുള്‍ സര്‍വീസ് വിമാനക്കമ്പനിമാത്രം. തിങ്കളാഴ്ച വീസ്താര ബ്രാന്‍ഡില്‍ അവസാന വിമാനവും പറന്നകന്നു. ഇനി എയര്‍ ഇന്ത്യ എന്ന ബ്രാന്‍ഡിലാണ് വീസ്താര വിമാനങ്ങളുടെ സേവനം. വീസ്താരയില്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും ടാറ്റ ഗ്രൂപ്പിന് 51 ശതമാനവുമായിരുന്നു പങ്കാളിത്തം. ലയനശേഷമുള്ള എയര്‍ ഇന്ത്യയില്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സിന് 25.1 ശതമാനം ഓഹരികളാണുള്ളത്.
പല തലത്തിലുള്ള റൂട്ടുകളില്‍ പല തരത്തിലുള്ള വിമാനങ്ങളുപയോഗിച്ച് സേവനം നല്‍കുന്നവയാണ് ഫുള്‍ സര്‍വീസ് വിമാനക്കമ്പനികള്‍. സേവന ശൃംഖലയിലെ മൊത്തത്തിലുള്ള ലാഭമാണ് അവ പരിഗണിക്കുന്നത്. ഭക്ഷണമുള്‍പ്പെടെ അധിക സേവനങ്ങള്‍ ലഭ്യമാക്കുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി ലോ കോസ്റ്റ് വിമാനക്കമ്പനികള്‍ ഓരോ റൂട്ടിലും ലാഭം ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്നവയാണ്. ചെലവു കുറയ്ക്കാന്‍ ഒരേ തരത്തിലുള്ള വിമാനങ്ങളാണ് ഉപയോഗിക്കുക. ഭക്ഷണം ആവശ്യമാണെങ്കില്‍ പ്രത്യേകം പണം നല്‍കണം.
നിലവില്‍ ഇന്ത്യയില്‍ നിരക്കുകള്‍ കുറഞ്ഞ ലോ കോസ്റ്റ് വിമാനക്കമ്പനികള്‍ക്കാണ് ആധിപത്യം. 61 ശതമാനം വിപണി വിഹിതമുള്ള ഇന്‍ഡിഗോയാണ് മുന്നില്‍. 17 വര്‍ഷത്തിനിടെ രാജ്യത്ത് പ്രവര്‍ത്തനം നിര്‍ത്തിയതോ ലയിപ്പിക്കുന്നതോ ആയ അഞ്ചാമത്തെ ഫുള്‍ സര്‍വീസ് വിമാനക്കമ്പനിയാണ് വീസ്താര. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്ത് 2012-ലാണ് 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിച്ച് വ്യോമയാനരംഗത്ത് ഉദാരീകരണം കൊണ്ടുവന്നത്.
2015-ല്‍ ഫുള്‍ സര്‍വീസ് കമ്പനിയായി വീസ്താരയെത്തി. കഴിഞ്ഞ ദശാബ്ദത്തില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏക ഫുള്‍ സര്‍വീസ് വിമാനക്കമ്പനിയും ഇതുതന്നെ. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേസും കിങ് ഫിഷറും ഫുള്‍ സര്‍വീസ് വിമാനക്കമ്പനികളായിരുന്നു. 2019 ഏപ്രിലില്‍ പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേസില്‍ ഗള്‍ഫ് വിമാനക്കമ്പനിയായ ഇത്തിഹാദിന് 24 ശതമാനം പങ്കാളിത്തമുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല