സ്വന്തം ലേഖകൻ: വിമാനത്തില്‍ വയോധികയുടെ ദേഹത്ത് താന്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും അവര്‍ സ്വയം ചെയ്തതാണെന്നുമുള്ള പ്രതിയുടെ വാദത്തിനെതിരെ പരാതിക്കാരി രംഗത്ത്. ഡല്‍ഹി പോലീസെടുത്ത കേസില്‍ അറസ്റ്റിലായ ശങ്കര്‍ മിശ്രയുടെ വാദം പൂര്‍ണമായും കെട്ടിച്ചമച്ചതും തെറ്റും ബാലിശവുമാണെന്നും അവര്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുമായി പരസ്പരവിരുദ്ധമായ ആരോപണമാണ് പ്രതി ഉയര്‍ത്തിയതെന്നും അവര്‍ വ്യക്തമാക്കി.
തന്റേതിന് സമാനമായ മോശം അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കാനുള്ള മാറ്റങ്ങള്‍ക്ക് വേണ്ടിയാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് പരാതിക്കാരി പറയുന്നു. ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുന്നതിന് പകരം കള്ളവും വ്യാജവിവരങ്ങളും പ്രചരിപ്പിക്കാനുള്ള ശ്രമമാണ് പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഇരയായ തന്നെ കൂടുതല്‍ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും പരാതിക്കാരിയായ വയോധിക പറയുന്നു.
അതേസമയം, സംഭവത്തില്‍ ദൃക്‌സാക്ഷികളുടെ കുറവുണ്ടെന്ന് ശങ്കര്‍ മിശ്രയുടെ അഭിഭാഷകന്‍ പറഞ്ഞു. പരാതിക്കാരി പരസ്യമായി രംഗത്തെത്തിയപ്പോള്‍ മാത്രമാണ് ഇത്തരമൊരു സംഭവം ഉണ്ടായതായി അറിയുന്നത്. പ്രതി പരാതിക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ചിട്ടുണ്ടെങ്കില്‍ അവരുടെ തൊട്ടടുത്തിരുന്ന സ്ത്രീ എങ്ങനെയാണ് ദേഷ്യപ്പെടാതിരിക്കുകയെന്ന് അഭിഭാഷകന്‍ ചോദിച്ചു. തൊട്ടടുത്തിരുന്ന സ്ത്രീയുടെ ദേഹത്ത് ആവാതെ ശങ്കര്‍ മിശ്ര പരാതിക്കാരിയുടെ ശരീരത്തില്‍ മാത്രം മൂത്രമൊഴിച്ചെന്ന ആരോപണം വിശ്വസിക്കാന്‍ കഴിയുന്നതല്ലെന്ന് ഇഷാന്‍ ശര്‍മ്മ പറഞ്ഞു.
അടിസ്ഥാന ഭൗതികശാസ്ത്ര തത്വങ്ങള്‍ക്ക് എതിരാണ് പരാതിക്കാരിയുടെ ആരോപണം. ഇത് തങ്ങള്‍ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ഇരുവര്‍ക്കുമിടയില്‍ മുന്‍വൈരാഗ്യമൊന്നുമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കസ്റ്റഡി ആവശ്യപ്പെട്ട് ഡല്‍ഹി പോലീസ് നല്‍കിയ അപേക്ഷയില്‍ നോട്ടീസിനുള്ള മറുപടിയായി ആയിരുന്നു മിശ്ര കുറ്റം പരാതിക്കാരിക്കുമേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചത്. കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം നിരസിച്ച കോടതി ഇയാളെ കഴിഞ്ഞ ശനിയാഴ്ച 144 ദിവസത്തെ ജുഡീഷ്യല്‍ റിമാന്‍ഡിലേക്ക് അയച്ചിരുന്നു.
ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച കേസിലാണ് ശങ്കര്‍ മിശ്ര പിടിയിലായത്. സംഭവത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇയാള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. വിശദമായ വാദത്തിനുശേഷമാണ് ജാമ്യാപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയത്. കഴിഞ്ഞ നവംബര്‍ 26-നാണ് സംഭവം നടന്നത്. എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്രികയുടെ ദേഹത്തേക്ക് പ്രതി മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി യാത്രക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല