സ്വന്തം ലേഖകന്‍: പറക്കലിനിടെ റഡാര്‍ കൈവിട്ടു, അഹമ്മദാബാദ്, ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ യുദ്ധ വിമാനങ്ങള്‍ തുണയായി. എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായതിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനത്തിന് ഹംഗേറിയന്‍ പോര്‍വിമാനങ്ങളുടെ അകമ്പടിയായി എത്തിയത്. 231 യാത്രക്കാരും 18 ജീവനക്കാരുമുള്‍പ്പെടെ 249 പേരുമായി ഹംഗറിക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനത്തിന് എടിസിയുമായുള്ള ബന്ധം നഷ്ടമായത്. ദിശ തെറ്റിയതോടെ വിമാനത്തിന്റെ സുരക്ഷയ്ക്കായി പോര്‍വിമാനങ്ങള്‍ വഴികാട്ടുകയായിരുന്നു.
ഫ്രീക്കന്‍സി വ്യതിയാനം മൂലമാണ് ബന്ധം നഷ്ടമായതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. പൈലറ്റിന് നിയന്ത്രണം നഷ്ടമായതോടെ ഹംഗറിയുടെ യുദ്ധവിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് സുരക്ഷയൊരുക്കി ഒപ്പം പറന്നു. അഹമ്മദാബാദില്‍ നിന്ന് ഏഴുമണിക്ക് ലണ്ടനിലേക്ക് പറന്ന വിമാനമാണ് ആശങ്കയിലാഴ്ത്തിയത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം പിന്നീട് ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങി.
എ.ടി.സിയുമായുള്ള എയര്‍ ഇന്ത്യ വിമാനത്തിന്റെ ബന്ധം പുന:സ്ഥാപിച്ചതിന് ശേഷം ഹംഗറിയുടെ യുദ്ധവിമാനങ്ങള്‍ തിരിച്ചു പോവുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി ലണ്ടനില്‍ ഇറങ്ങിയെന്നും വക്താവ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഒരുമാസത്തിനിടെ യൂറോപ്പിന്റെ ആകാശത്ത് ഉണ്ടായ രണ്ടാമത്തെ സംഭവമാണ് ഇത്. ഫെബ്രുവരി 16ന് ഇതേ കാരണം കൊണ്ട് ജെറ്റ് എയര്‍വെയ്‌സിന്റെ വിമാനത്തിന് അകമ്പടിയായി ജര്‍മ്മനിയുടെ യുദ്ധവിമാനങ്ങള്‍ എത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല