1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2019

സ്വന്തം ലേഖകൻ: പൊതുമേഖലാ വിമാന സര്‍വീസ് കമ്പനിയായ എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്രസ‍ർക്കാർ. ചുരുങ്ങിയ സമയത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ്ങ് പുരി വ്യക്തമാക്കി. സ്വകാര്യമേഖലയിലുള്ള നിരവധി കമ്പനികൾ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ചെന്നും മന്ത്രി പറഞ്ഞു.

നേരത്തെ തന്നെ സ്വകാര്യവൽക്കരണം സർക്കാർ പ്രഖാപിച്ചതാണ്. ഇതു സംബന്ധിച്ച് എത്രയും വേഗം നടപടികൾ പൂർത്തിയാക്കും. കഴിഞ്ഞ കുറെ നാളുകളായി എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയായിരുന്നു. സ്ഥാപനത്തിലെ പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റവും നിർത്തി വച്ചിരുന്നു. പുതിയ വിമാനസർവീസുകൾ തുടങ്ങേണ്ടെന്ന് തീരുമാനിച്ചു.

സ്വകാര്യവൽക്കരണം മുന്നിൽ കണ്ട് കേടായ വിമാനങ്ങളുടെ അറ്റകുറ്റപണി പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പിന്നാലെയാണ് സ്വകാര്യവൽക്കരണ നടപടികള്‍ ഉടൻ പൂർത്തിയാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. ഈ വര്‍ഷം അവസാനത്തോടെ വിൽപന നടപടികൾ പൂർത്തിയാക്കുകയാണു ലക്ഷ്യം. മൊത്തം 55,000 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയ്ക്കുളളത്.

അതിനിടെ എയർ ഇന്ത്യയുടെ ഭാഗിക ഓഹരികള്‍ വിദേശ വിമാനക്കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. എയർ ഇന്ത്യയുടെ കടത്തിന്റെ 30,000 കോടി രൂപ (4.21 ബില്യൺ ഡോളർ) ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനിയിലേക്ക് നീക്കി ശേഷം ഓഹരി വില്‍പ്പന നടത്താനാണ് പദ്ധതിയെന്ന് ദ വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബർ 10 നകം സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നാണ് സൂചന. ജൂലൈയിൽ എയർ ഇന്ത്യയിലെ ജീവനക്കാരുടെ 13 യൂണിയനുകൾ വിമാനക്കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. എയർ ഇന്ത്യ വിഭജിക്കുന്നത് സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണെന്ന് യൂണിയനുകള്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.