സ്വന്തം ലേഖകൻ: ജീവനക്കാരുടെ സമരം മൂലം കഴിഞ്ഞ മൂന്നു ദിവസമായി മുടങ്ങിയ മസ്കത്തിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനസർവിസുകൾ ശനിയാഴ്ച മുതൽ സാധാരണ ഗതിയിലായിത്തുടങ്ങി. മസ്കത്തിൽ ശനിയാഴ്ച പുലർച്ചെ 2.15നുള്ള കോഴിക്കോട്, 7.25നുള്ള മുംബൈ, 9.45നുള്ള കണ്ണൂർ, 10.35നുള്ള ലഖ്നോ വിമാനങ്ങളും സമയത്ത് പുറപ്പെട്ടു. ഉച്ചക്കുള്ള തിരുവനന്തപുരം വിമാനം 12.15നും കൊച്ചി വിമാനം 12.48 നും മംഗളൂരു വിമാനം 12.35നും മസ്കത്ത് വിമാനത്താവളത്തിൽനിന്നും തിരിച്ചു. സമരം മൂലം യാത്രക്കാർക്ക് ടിക്കറ്റുകൾ റീ ഫണ്ടിനായി ആവശ്യപ്പെടുകയോ യാത്രാത്തീയതി മാറ്റുകയോ ചെയ്യാവുന്നതാണ്.
അതിനിടെ സർവിസുകൾ പുനരാരംഭിച്ചതിന് തൊട്ടുപിറകെ എയർ ഇന്ത്യ എക്സ്പ്രസ് നിരക്കുകളും കുത്തനെ വർധിപ്പിച്ചു. സമരം പിൻവലിക്കുന്നതിന് തെട്ടുമുമ്പുവരെ എയർ ഇന്ത്യ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ പല റൂട്ടുകളിലേയും നിരക്കുകൾ 50 റിയാലിൽ താഴെയായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ സെക്ടറിലേയും നിരക്കുകൾ കുത്തനെ വർധിച്ചിട്ടുണ്ട്. ഈ മാസം അവസാനം കേരള സെക്ടറിലേക്ക് വൺവേക്ക് 143 മുതൽ 150 വരെയാണ് നിരക്കുകൾ. ജൂണിലെ നിരക്കുകൾ പിന്നെയും വർധിക്കും.
തിരുവനന്തപുരത്തേക്ക് ഞായറാഴ്ച 102 റിയാലാണ് വൺവേ നിരക്ക്. തൊട്ടടുത്ത ദിവസങ്ങളിൽ നിരക്കുകൾ ചെറുതായി കുറയുന്നുണ്ടെങ്കിലും ഈ മാസം 17 ഓടെ വീണ്ടും വൺവേ നിരക്കുകൾ 102 റിയാലിലെത്തും. ഈ മാസം 25ന് നിരക്കുകൾ 117 റിയാലായി ഉയർന്നു. 31 ന് 151 റിയാലാണ് തിരുവനന്തപുരത്തേക്കുള്ള നിരക്ക്. മസ്കത്തിൽനിന്ന് കൊച്ചിയിലേക്കുള്ള നിരക്കുകളും വർധിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച 96 റിയാലാണ് കൊച്ചിയിലേക്ക് ഈടാക്കുന്നത്. പിന്നീട് നിരക്കുകൾ കുറയുന്നുണ്ടെങ്കിലും ഈ മാസം 23 ന് നിരക്കുകൾ വീണ്ടും 96 റിയാലായി വർധിക്കുന്നുണ്ട്. 25ന് നിരക്കുകൾ 108 റിയാലായി മാറും. 31ന് കൊച്ചിയിക്കേുള്ള വൺവേ നിരക്ക് 143 റിയാലാണ്. കണ്ണൂരിലേക്കുള്ള ഞായറാഴ്ചത്തെ ടിക്കറ്റ് നിരക്ക് 81 റിയാലാണ്. നിരക്കുകൾ ചൊവ്വാഴ്ച 86 റിയാലായും ഈ മാസം 20ന് 96 റിയാലായും ഉയരുന്നുണ്ട്. 25 ന് 123 റിയാലാണ് നിരക്ക്. അടുത്ത മാസം എട്ടിന് കണ്ണൂരിലേക്കുള്ള നിരക്ക് 168 റിയാലാണ്. കോഴിക്കോട്ടേക്കുള്ള നിരക്ക് ഞായറാഴ്ച 76 റിയാലാണ്.
ഈ മാസം 17ന് നിരക്ക് 86 റിയാലിലേക്ക് എത്തുന്നുണ്ട്. 25ന് 96റിയാലും 26ന് 108 റിയാലുമാണ് നിരക്ക്. ഈമാസം 31ന് നിരക്ക് 143 റിയാലായും ഉയരും. അടുത്തമാസം ഒന്നാം തീയതിക്കുശേഷം മസ്കത്തിൽ കേരളത്തിലെ ഒരു സെക്ടറിലേക്കും വൺവേക്ക് 100 റിയാലിൽ കുറഞ്ഞ ടിക്കറ്റ് ലഭിക്കില്ല. പിന്നീട് നിരക്കുകൾ ചില ദിവസങ്ങളിൽ തിരുവനന്തപുരത്തേക്ക് 191 റിയാലായും കണ്ണൂരിലേക്കും കൊച്ചിയിലേക്കും 168 റിയാലായും കോഴിക്കോട്ടേക്ക് 143 റിയാലായും ഉയരുന്നുണ്ട്. എന്നാൽ സലാലയിൽനിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള നിരക്കുകളിൽ കുറവുണ്ട്.
വേനൽ സീസണിൽ മസ്കത്തിൽനിന്ന് കേരള സെക്ടറിലേക്കുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ പ്രതികൂലമായി ബാധിക്കും. കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾ ഈമാസങ്ങളിൽ യാത്ര ഒഴിവാക്കാറാണ് പതിവ്. എന്നാൽ അത്യാവശ്യ കാര്യങ്ങൾക്ക് നാട്ടിൽ പോകേണ്ടവരെ ഉയർന്ന വിമാന നിരക്കുകൾ ശരിക്കും പ്രതിസന്ധിയിലാക്കും. സ്കൂൾ അവധിക്കാലത്ത് ഉയർന്ന നിരക്കുകൾ ഈടാക്കുന്നതിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും അധികൃതർ എപ്പോഴും കൈമലർത്തുകയാണ് പതിവ്.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല