സ്വന്തം ലേഖകൻ: ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനം പൂനെ എയർപോർട്ട് റൺവേയിൽവച്ച് ടഗ് ട്രാക്ടറുമായി കൂട്ടിയിടിച്ചു. 180 യാത്രക്കാരുമായി യാത്ര തിരിക്കാനിരുന്ന വിമാനമാണ് വ്യാഴാഴ്ച അപകടത്തിൽ പെട്ടത്. കൂട്ടിയിടിയിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർക്ക് പരിക്കില്ല. വിമാനത്തിൻ്റെ നോസിനും ലാൻഡിംഗ് ഗിയറിന് സമീപമുള്ള ടയറിനും കേടുപാടുകൾ സംഭവിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനം തള്ളിനീക്കാൻ ഉപയോഗിക്കുന്ന ടഗ് ട്രക്ക്, ടാക്‌സിങ് ചെയ്യുന്നതിനിടെ വിമാനത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്.
യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെ നൽകാനും, ആവശ്യമുള്ള യാത്രക്കാർക്ക് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് ഏർപ്പെടുത്താനുമുള്ള നടപടികൾ പൂർത്തിയായെന്ന് കമ്പനി അറിയിച്ചു. “പുഷ്ബാക്ക് ടഗുമായി കൂട്ടിയിടിച്ച വിമാനത്തിന്റെ ബെല്ലിക്ക് സമീപമായി കേടപാടുകൾ സംഭവിച്ചു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്,” എയർപോർട്ട് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല