
സ്വന്തം ലേഖകൻ: എയർ എന്ത്യ എക്സ്പ്രസ് സർവിസ് മുടക്കവും വരാനിരിക്കുന്ന സ്കൂൾ വേനൽ അവധിയും മുതലെടുത്ത് ഒമാനിൽനിന്ന് സർവിസ് നടത്തുന്ന വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ കുത്തനെ ഉയർത്താൻ തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസ് നിലച്ചത് മറ്റ് വിമാന കമ്പനികളായ സലാം എയർ, ഒമാൻ എയർ എന്നിവയുടെ നിരക്കുകൾ കുത്തനെ വർധിക്കാൻ കാരണമാക്കി. സ്കൂൾ വേനൽ അവധി ആരംഭിക്കുന്നതിന്റെ ഭാഗമായി ഈ മാസം 25 മുതൽ തന്നെ നിരക്കുകൾ കുത്തനെ ഉയരുന്നുണ്ട്. ഇനി അങ്ങോട്ട് വിമാന കമ്പനികളുടെ കൊയ്ത്തുകാലമാണ്.
എയർ ഇന്ത്യ എക്സ്പ്രസ് സമരം ഏറ്റവും കൂടുതൽ തിരക്ക് ബാധിച്ചത് സലാം എയറിനാണ്. സലാം എയറിന്റെ മസ്കത്ത്-കോഴിക്കോട് റൂട്ടിൽ അടുത്ത ഏതാനും ദിവസങ്ങളിൽ ടിക്കറ്റ് കിട്ടാൻ തന്നെയില്ല. മസ്കത്തിൽനിന്ന് കോഴിക്കേട്ടേക്ക് ഈ മാസം 13വരെ സലാം എയറിൽ ടിക്കറ്റില്ല. കോഴിക്കോട്ടുനിന്ന് മസ്ക്ത്തിലേക്കും ഈ മാസം 15വരെ ടിക്കറ്റില്ല. 14 മുതൽ മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ലഭിക്കുമെങ്കിലും വൺവേക്ക് 90 റിയാലാണ് ഈടാക്കുന്നത്.
ഈ മാസം 20 മുതൽ നിരക്കിൽ ചെറിയ കുറവുണ്ടാവുമെങ്കിലും 25ന് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് 122 റിയാലാണ് നിരക്ക്. 29ന് വൺവേക്ക് 144ഉം 31ന് 204 റിയാലായും ഉയരുന്നുണ്ട്. അടുത്തമാസം 13വരെ സമാന നിരക്ക് തന്നെയാണ് സലാം എയർ കോഴിക്കോട്ടേക്ക് ഈടാക്കുക. 18ന് ശേഷം ചില ദിവസങ്ങളിൽ നിരക്ക് 107 റിയാലായി കുറയുന്നുണ്ട്. കോഴിക്കോട്ടേക്ക് ഒമാൻ എയറിലും ഉയർന്ന നിരക്ക് തന്നെയാണുള്ളത്.
എയർ ഇന്ത്യ സമരം ആരംഭിച്ചതോടെ മസ്കത്തിൽനിന്നും കോഴിക്കോട്ടേക്കുള്ള നിരക്കുകൾ 200 റിയാൽ കടന്നിട്ടുണ്ട്. എന്നാൽ മേയ് 14ഓടെ വൺവേ നിരക്ക് 133 റിയാലാവുന്നുണ്ടെങ്കിലും പിന്നീട് നിരക്കുകൾ 153 റിയാലായി ഉയരുകയാണ്. 24ന് കോഴിക്കോട്ടേക്കുള്ള നിരക്ക് 179 റിയാലാണ് കാണിക്കുന്നത്. 27 മുതൽ 236ഉം 28ന് നിരക്ക് 253 റിയാലായും വർധിക്കുന്നുണ്ട്. ജൂണിൽ മൊത്തം ഉയർന്ന നിരക്ക് തന്നെയാണ് ഒമാൻ എയർ ഈടാക്കുക. എന്നാൽ, കോഴിക്കോടുനിന്ന് മസ്കത്തിലേക്ക് അടുത്ത ആഴ്ച മുതൽ താരതമ്യേന കുറഞ്ഞ നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ സമരം പിൻവലിച്ചതോടെ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. എന്നാലും ഈ മാസം അവസാനം മുതൽ എല്ലാ വിമാന കമ്പനികളും നിരക്കുകൾ ഉയർത്തുന്നത് യാത്രക്കാർക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. ഇത് കുടുംബമായി യാത്ര ചെയ്യുന്നവരെയാണ് ഏറെ പ്രതികൂലമായി ബാധിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല