സ്വന്തം ലേഖകൻ: ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ഇന്ത്യ രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റങ്ങള്ക്കൊരുങ്ങുന്നതിന്റെ ഭാഗമായി റീബ്രാന്‍ഡ് ചെയ്തു. ഇതിന്റെ ഭാഗമായി വിസ്ത എന്ന പേരില്‍ പുതിയ ലോഗോ കമ്പനി അവതിരിപ്പിച്ചു. അതിരുകളില്ലാത്ത സാധ്യതകളേയും പുരോഗമനപരതയേയും കമ്പനിയുടെ ധീരമായ പുതിയ കാഴ്ചപ്പാടിനേയുമാണ് പുതിയ ലോഗോ പ്രതിനിധീകരിക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു.
എയര്‍ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനശൃംഖലയുടെ ഭാഗമാകുന്ന ഡിസംബറിലാണ് പുതിയ ലോഗോ നിലവില്‍ വരിക. ലോകത്തിന്റെ എല്ലാകോണില്നിന്നുമുള്ള അതിഥികള്‍ക്ക് സേവനം നല്കുന്ന ലോകോത്തര വിമാനക്കമ്പനിയായി എയര്‍ഇന്ത്യയെ മാറ്റാനുള്ള അഭിലാഷമാണ് പുതിയ ബ്രാന്‍ഡ് പ്രതിഫലിപ്പിക്കുന്നത്. ആഗോളതലത്തില്‍ അഭിമാനത്തോടെ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്നും എയര്‍ഇന്ത്യ സി.ഇ.ഒ. കാമ്പല്‍ വില്‍സണ്‍ പറഞ്ഞു.
എയര്‍ഇന്ത്യയുടെ മുഖമായിരുന്ന ‘മാഹാരാജ’ മാറ്റങ്ങളോടെനിലനില്ക്കുമെന്ന് സി.ഇ.ഒ. അറിയിച്ചു. എയര്‍ഇന്ത്യ കേവലമൊരു ബിസിനസല്ലെന്നും അതൊരു വികാരവും ദേശീയ ദൗത്യവുമാണെന്ന് ടാറ്റാ സണ്‍സ് ചെയര്മാന് എന്‍. ചന്ദ്രശേഖരന് വ്യക്തമാക്കി. തങ്ങളുടെ വിമാനശേഖരത്തില് ഒരുപാട് ജോലികള്‍ ഇനിയും നിര്‍വഹിക്കാനുണ്ടെന്നും അടുത്ത ഒമ്പതുമുതല്‍ 12 വരെ മാസത്തിനുള്ളില്‍ പുതിയ സാങ്കേതിക വിദ്യ കൈവരിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാലയുടെ രൂപത്തില്‍നിന്നാണ് പുതിയ ലോഗോയുടെ ആശയം ഉള്‍ക്കൊണ്ടിരിക്കുന്നത്. സാധ്യതകളുടെ വാതിലിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഫ്യൂച്ചര്‍ബ്രാന്‍ഡ് എന്ന ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ലോഗോയ്ക്ക് പിന്നില്‍. 2012 ലണ്ടന്‍ ഒളിമ്പിക്സിന്റെ ബ്രാന്ഡിങ്ങിലടക്കം സഹകരിച്ച സ്ഥാപനമാണിത്. പര്‍പ്പിള്‍, ചുവപ്പ്, ഗോള്‍ഡന്‍ നിറങ്ങള്‍ ചേര്‍ന്നതാണ് പുതിയ ലോഗോ. 15 മാസമായി പുതിയ ലോഗോയ്ക്കായുള്ള പണിപ്പുരയിലായിരുന്നു എയര്‍ഇന്ത്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല