സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ ഇക്കോണമി ക്ലാസുകളില്‍ മാംസാഹാരം നിര്‍ത്തലാക്കല്‍, ലാഭം പ്രതിവര്‍ഷം എട്ടു മുതല്‍ പത്തു കോടിവരെയെന്ന് കേന്ദ്ര സര്‍ക്കാര്‍. തീരുമാനം ചെലവ് ചുരുക്കാനും മാലിന്യം കുറക്കാനും സേവനം മെച്ചപ്പെടുത്താനും ഉപകരിക്കുമെന്ന് കേന്ദ്ര വ്യോമയാനവകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ വ്യക്തമാക്കി.
അതേസമയം, തീരുമാനം നടപ്പാക്കുംമുമ്പ് യാത്രക്കാരുടെ അഭിപ്രായം തേടും. കാബിന്‍ ക്രൂ മുഖാന്തരം അഭിപ്രായമറിയിക്കാം. കടക്കെണിയിലായ എയര്‍ ഇന്ത്യയെ ലാഭത്തിലാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നുണ്ട്. നഷ്ടത്തിലുള്ള റൂട്ടുകളില്‍ ചിലത് പുനര്‍നിര്‍ണയിക്കലും പുതിയ വിമാനങ്ങള്‍ വാങ്ങലും പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എയര്‍ ഇന്ത്യ വിമാനം വാങ്ങിയതിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു മറ്റൊരവസരത്തില്‍ പ്രതികരിച്ചു. രണ്ടാഴ്ച മുമ്പാണ് എയര്‍ ഇന്ത്യ ആഭ്യന്തര വിമാനങ്ങളില്‍ ഇക്കണോമിക് ക്ലാസില്‍ മാംസാഹാരം ഒഴിവാക്കിയത്.
അതേസമയം, രാജ്യാന്തര സര്‍വീസുകള്‍ക്ക് ഈ തീരുമാനം ബാധകമാവില്ല. മാത്രമല്ല, ആഭ്യന്തര സര്‍വീസുകളിലെ ബിസിനസ്, ഫസ്റ്റ് ക്ലാസുകളെയും ഈ തീരുമാനം ബാധിക്കില്ല. 90 മിനിറ്റില്‍ താഴെയുള്ള യാത്രയ്ക്ക് മാംസാഹാരം നല്‍കുന്നത് എയര്‍ ഇന്ത്യ ആറു മാസങ്ങള്‍ക്കു മുന്‍പേ നിര്‍ത്തിയിരുന്നു. സാലഡുകള്‍ ഒഴിവാക്കാനും എയര്‍ ഇന്ത്യ കഴിഞ്ഞ മാസം തീരുമാനം എടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല