സ്വന്തം ലേഖകൻ: സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യക്ക് 1.1 കോടി രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.). ഒരു മുന്‍ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവരുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
വിവിധ സര്‍വീസുകളിലായി എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ പല തരത്തിലുള്ള സുരക്ഷാ വീഴ്ചകള്‍ സംഭവിക്കുന്നതായി പരാതി ലഭിച്ചതിനെതുടര്‍ന്ന് ഇത് പരിശോധിക്കുന്നതിനായി ഡി.ജി.സി.എ. ഒരു സമിതിക്ക് രൂപം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെയാണ് എയര്‍ ഇന്ത്യക്ക് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് ഡി.ജി.സി.എ. അറിയിച്ചു.
പരാതിക്കാരില്‍ ഒരു മുന്‍ എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. ദീര്‍ഘദൂര സര്‍വീസുകളുടെ അപകടസാധ്യതാ റൂട്ടുകളിലൂടെയുള്ള യാത്രയ്ക്കിടെ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ച ഉണ്ടാകുന്നു എന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തല്‍.
ഡി.ജി.സി.എയുടെ അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തലും മറ്റ് പരാതികളും ശരിയാണെന്ന് കണ്ടെത്തുകയും ഇത് ചൂണ്ടിക്കാണിച്ച് എയര്‍ ഇന്ത്യയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. നോട്ടീസിന് ലഭിച്ച മറുപടിയുടെ അടിസ്ഥാനത്തിലാണ് 1.1 കോടി രൂപ പിഴ ചുമത്തിയതെന്നും ഡി.ജി.സി.എ. അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല