സ്വന്തം ലേഖകന്‍: പ്രധാന യുഎസ് നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ. അമേരിക്കയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ലോസ് ആഞ്ചലസ്, ഹൂസ്റ്റണ്‍ എന്നീ രണ്ട് അമേരിക്കന്‍ നഗരങ്ങളിലേക്ക് പുതിയ വിമാനങ്ങള്‍ പറക്കും. ഡല്‍ഹിയില്‍ നിന്ന് വാഷിങ്ടണിലേക്കുള്ള സര്‍വീസ് ആരംഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ സര്‍വീസും എയര്‍ ഇന്ത്യ ആരംഭിക്കുന്നത്.
വാഷിങ്ടണിലേക്കുള്ള വിമാന സര്‍വീസിന്റെ ഉദ്ഘാടന പറക്കലിനു ശേഷം എയര്‍ ഇന്ത്യ ചെയര്‍മാന്‍ എം.ഡി അശ്വാനി ലോഹാനിയാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്. ലോസ് ആഞ്ചലസിലേക്കുള്ള സര്‍വീസ് ഒക്‌ടോബറില്‍ ആരംഭിക്കും. ഹൂസ്റ്റണിലേക്കോ, ഡള്ളാസിലേക്കോ ആയിരിക്കും രണ്ടാമത്തെ സര്‍വീസ്.
എന്നാല്‍ ഇത് എപ്പോള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുന്ന ഘട്ടത്തിലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. യുഎസിലുള്ള പ്രവാസി ഇന്ത്യക്കാരുടെ ഏറെ നാളായുള്ള ആവശ്യമാണ് ലോസ് ആഞ്ചലസ് പോലുള്ള നഗരങ്ങളിലേക്ക് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുക എന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല