സ്വന്തം ലേഖകൻ: സമരം മൂലം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന്, മസ്കറ്റിൽ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന നമ്പി രാജേഷിനെ ഭാര്യ അമൃതയ്ക്ക് അവസാനമായി കാണാനാകാതെ പോയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി നല്‍കി കുടുംബം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനിക്ക് ഇ മെയില്‍ അയച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയത്.
അമൃതയും കുട്ടികളും കുടുംബാംഗങ്ങളും രാവിലെ ഏഴു മണിയോടെ മന്ത്രി ശിവന്‍കുട്ടിയെ കണ്ടിരുന്നു. അതിനു ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടത്. ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍, പ്രതിപക്ഷ നേതാവ്, കേന്ദ്ര വ്യോമയാന മന്ത്രി എന്നിവര്‍ക്കും നിവേദനം നല്‍കും. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സഹായം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ സഹായം ലഭ്യമാക്കണമെന്നും നിവേദനത്തില്‍ പറയുന്നു.
നമ്പി രാജേഷിന്റെ മൃതദേഹവുമായുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ആവശ്യം വ്യക്തമാക്കി ഇ മെയില്‍ അയയ്ക്കാന്‍ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ കുടുംബത്തോട് നിര്‍ദേശിച്ചിരുന്നു. ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് നമ്പി രാജേഷ് മരിച്ചത്. ആശുപത്രിയിലായ അദ്ദേഹത്തിനടുത്തെത്താന്‍ അമൃത ടിക്കറ്റ് എടുത്തെങ്കിലും വിമാനക്കമ്പനി ജീവനക്കാരുടെ പണിമുടക്ക് മൂലം രണ്ടു ദിവസവും യാത്ര മുടങ്ങുകയായിരുന്നു. പിന്നാലെയായിരുന്നു മരണം.
അഞ്ചും മൂന്നും വയസുള്ള രണ്ടു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായിരുന്ന ഭര്‍ത്താവിന്റെ അകാല വിയോഗത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും എയര്‍ ഇന്ത്യക്ക് അയച്ച മെയിലില്‍ അമൃത ആവശ്യപ്പെട്ടു. തന്റെ സാമീപ്യവും പരിചരണവും ലഭിച്ചിരുന്നെങ്കില്‍ ഭര്‍ത്താവിന് ഈ ഗതി വരില്ലായിരുന്നുവെന്നും അമൃത പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല